ഇസ്‌ലാമിക് ജിഹാദ് നേതാവിനെ ഇസ്രായേല്‍ കസ്റ്റഡിയിലെടുത്തു
ഷെയ്ഖ് ഖാദര്‍ അദ്‌നാനെ നബ്ലൂസിന് വടക്കുപടിഞ്ഞാറുള്ള ഇസ്രായേലി സൈനിക ചെക്ക് പോയിന്റില്‍ തടഞ്ഞു നിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ റാന്‍ഡ മൂസ പറഞ്ഞു.
വെസ്റ്റ് ബാങ്ക്: ഫലസ്തീന്‍ ചെറുത്ത് നില്‍പ്പ് പ്രസ്ഥാനമായ ഇസ്‌ലാമിക് ജിഹാദിന്റെ മുതിര്‍ന്ന നേതാവിനെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ വച്ച് ഇസ്രായേല്‍ സൈന്യം കസ്റ്റഡിയിലെടുത്തതായി അദ്ദേഹത്തിന്റെ ഭാര്യയെ ഉദ്ധരിച്ച് അനദൊളു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
ഷെയ്ഖ് ഖാദര്‍ അദ്‌നാനെ നബ്ലൂസിന് വടക്കുപടിഞ്ഞാറുള്ള ഇസ്രായേലി സൈനിക ചെക്ക് പോയിന്റില്‍ തടഞ്ഞു നിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ റാന്‍ഡ മൂസ പറഞ്ഞു. ഭര്‍ത്താവ് എവിടെയാണെന്ന് ഇതുവരെ അറിവായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
52 കാരനായ അദ്‌നാന്‍ ഏഴുവര്‍ഷത്തിലേറെ ഇസ്രായേലില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. തന്റെ അന്യായ തടങ്കലില്‍ പ്രതിഷേധിച്ച് 66 ദിവസത്തെ നിരാഹാര സമരത്തിനൊടുവില്‍ 2012ല്‍ ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ ഭരണകൂടം നിര്‍ബന്ധിതരായിരുന്നു. 2015ലും 2018ലും സമാനമായ നിരാഹാര സമരം നടത്തി.ഇസ്രായേലി ജയിലുകളില്‍ 39 സ്ത്രീകള്‍, 115 കുട്ടികള്‍, 350 അഡ്മിനിസ്‌ട്രേറ്റീവ് തടവുകാര്‍ എന്നിവരുള്‍പ്പെടെ 4,400 ഫലസ്തീനികളെ തടവിലാക്കിയതായി ഫലസ്തീന്‍ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ പറയുന്നു.