യുഎന്‍ അമേരിക്കയ്ക്കും ഇസ്രായേല്‍ ലോബിക്കും അടിയറവച്ചു; ഗസ വംശഹത്യയില്‍ പ്രതിഷേധിച്ച് ഉന്നത ഉദ്യോഗസ്ഥന്‍ രാജിവച്ചു
വാഷിങ്ടണ്‍: ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന വംശഹത്യ തടയുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭയിലെ ഉന്നത ഉദ്യോഗസ്ഥന്‍ രാജിവച്ചു. യുഎന്‍ മനുഷ്യാവകാശ ഓഫിസിന്റെ ഡയറക്ടര്‍ ക്രെയ്ഗ് മോക്ഹിബാറാണ് രാജിവച്ചത്. മാത്രമല്ല, യുഎന്‍ സ്വന്തം ജോലി ചെയ്യുന്നതിന് പകരം യുനൈറ്റഡ് നേഷന്‍സ് അധികാരം അമേരിക്കയ്ക്കും ഇസ്രായേല്‍ ലോബിക്കും അടിയറവച്ചെന്നും അദ്ദേഹം ആരോപിച്ചു. ഫലസ്തീനില്‍ യുറോപ്യന്‍ രാജ്യങ്ങളുടെ കൊളോണിയല്‍ പദ്ധതി അതിന്റെ അന്തിമ ഘട്ടത്തിലാണ്. ഒരിക്കല്‍ കൂടി നമ്മള്‍ കണ്ണുകള്‍ കൊണ്ട് വംശഹത്യ കാണുകയാണ്. എന്നാല്‍, നമ്മള്‍ ജോലി ചെയ്യുന്ന സ്ഥാപനം അത് തടയുന്നതിന് അധികാരമില്ലാത്തവരായി മാറിയതായി മനുഷ്യാവകാശങ്ങള്‍ക്കുള്ള യുഎന്‍ ഹൈക്കമീഷണര്‍ക്ക് എഴുതിയ കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ്, യുകെ സര്‍ക്കാറുകള്‍ക്ക് പുറമേ യുറോപിലെ ഭൂരിപക്ഷം സര്‍ക്കാറുകളും ഗസയിലെ ഭയാനകമായ ഇസ്രായേല്‍ ആക്രമണങ്ങളില്‍ പങ്കാളികളാണ്. അത് അവരുടെ അന്താരാഷ്ട്ര ബാധ്യതകള്‍ നിറവേറ്റുന്നതിലെ കേവലമായ പരാജയത്തിലൂടെ മാത്രമല്ല, ആക്രമണത്തിന് സജീവമായി ആയുധം നല്‍കുകയും സാമ്പത്തികവും രഹസ്യാന്വേഷണപരവുമായ പിന്തുണ നല്‍കുകയും ചെയ്യുന്നു. പാശ്ചാത്യ മാധ്യമങ്ങള്‍ യുദ്ധത്തിനുള്ള കളമൊരുക്കുന്നതിനായി പ്രൊപ്പഗണ്ട വാര്‍ത്തകള്‍ നല്‍കുന്നു. ദേശീയ, വംശീയ, അല്ലെങ്കില്‍ മത വിദ്വേഷത്തിന്റെ വക്താക്കള്‍ക്കായാണ് അവര്‍ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.