ഗസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം
അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ ആസൂത്രിതമായി പിടിച്ചെടുക്കുന്ന ഇസ്രായേല്‍ നയം യുദ്ധപ്രഖ്യാപനമാണെന്നു ഹമാസ് ജൂണ്‍ അവസാനത്തോടെ പ്രഖ്യാപിക്കുകയും ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു
ഗസ സിറ്റി: ഫലസ്തീനിലെ ഗസയ്ക്കു നേരെ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം. ഞായറാഴ്ച രാത്രിയാണ് ഇസ്രായേല്‍ വിമാനങ്ങള്‍ ഗസ മുനമ്പില്‍ ആക്രമണം നടത്തിയതെന്ന് ഫലസ്തീന്‍ സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, റോക്കറ്റ് ആക്രമണങ്ങള്‍ക്കു മറുപടിയായി ഹമാസ് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദം. രാത്രി ഗാസയില്‍ നിന്ന് ഇസ്രായേലിനു നേരെ മൂന്ന് റോക്കറ്റുകള്‍ പ്രയോഗിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപോര്‍ട്ട്.
ഹമാസ് തൊടുത്തുവിട്ടതെന്ന് ഇസ്രായേല്‍ പറയുന്ന ആദ്യത്തെ രണ്ട് റോക്കറ്റുകള്‍ നിലംപതിച്ചെന്നാണ് പറയുന്നതെങ്കിലും എവിടെയാണെന്നതു സംബന്ധിച്ച് സൈന്യത്തിന്റെ പ്രസ്താവനയില്‍ ഒരു സൂചനയും നല്‍കിയിട്ടില്ല. എന്നാല്‍ മൂന്നാമത്തെ റോക്കറ്റ് അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം തടഞ്ഞതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. അതേസമയം, റോക്കറ്റ് ആക്രമണം സംബന്ധിച്ച് ഹമാസ് പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ ആസൂത്രിതമായി പിടിച്ചെടുക്കുന്ന ഇസ്രായേല്‍ നയം യുദ്ധപ്രഖ്യാപനമാണെന്നു ഹമാസ് ജൂണ്‍ അവസാനത്തോടെ പ്രഖ്യാപിക്കുകയും ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. യുഎസ് തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് വെസ്റ്റ് ബാങ്കിലെയും ജോര്‍ദാന്‍ വാലിയിലെയും കുടിയേറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഇസ്രായേല്‍ നീക്കം ആരംഭിച്ചത്. എന്നാല്‍, പിടിച്ചെടുക്കലുമായി മുന്നോട്ട് പോവരുതെന്നാണ് ഹമാസ് ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.
Israel Launches Gaza Strikes After Rocket Fire: Report