പുതിയ ഉടമ്പടിയില്‍ ഇസ്രായേല്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ വാഗ്ദാനം ചെയ്തതായി ജോ ബൈഡന്‍

Update: 2024-05-31 18:39 GMT

വാഷിങ്ടണ്‍: ഗസയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനും സൈന്യത്തെ പിന്‍വലിക്കുന്നതിനും പുതിയ ഉടമ്പടിയില്‍ ഇസ്രായേല്‍ വാദ്ഗാനം ചെയ്തതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്റെ പരാമര്‍ശം. സൈന്യത്തെ പിന്‍വലിക്കലും ബന്ദികളെ മോചിപ്പിക്കലും ഉള്‍പ്പെടെ ഒരു സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇസ്രായേല്‍ ഒരു 'റോഡ്മാപ്പ്' തയ്യാറാക്കി. സമ്പൂര്‍ണമായ വെടിനിര്‍ത്തല്‍, ഗസയിലെ എല്ലാ ജനവാസ മേഖലകളില്‍ നിന്നും ഇസ്രായേല്‍ സേനയെ പിന്‍വലിക്കല്‍, നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ബന്ദികളാക്കപ്പെട്ട സ്ത്രീകള്‍, പ്രായമായവര്‍, പരിക്കേറ്റവര്‍ എന്നിവരുള്‍പ്പെടെ മോചിപ്പിക്കല്‍ എന്നിവയാണ് നിര്‍ദേശത്തിലുള്ളത്. ഇസ്രായേല്‍ അവരുടെ നിര്‍ദേശം മുന്നോട്ടുവച്ചു. വെടിനിര്‍ത്തല്‍ വേണമെന്ന് ഹമാസ് ശരിക്കും ഉദ്ദേശിക്കുന്നുണ്ടോ എന്ന് തെളിയിക്കാനുള്ള അവസരമാണിത്. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് നിര്‍ദേശമെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആക്രമണം തുടരുന്നതിനാല്‍ കൂടുതല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് മധ്യസ്ഥരോട് പറഞ്ഞതായി ഹമാസ് അറിയിച്ചിരുന്നു. എന്നാല്‍ ഇസ്രായേല്‍ യുദ്ധം നിര്‍ത്തിയാല്‍ ബന്ദികളെ കൈമാറ്റം ചെയ്യുന്നതുള്‍പ്പെടെയുള്ള ഒരു 'സമ്പൂര്‍ണ കരാറിന്' തയ്യാറാണ്. സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാതെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നായിരുന്നു ഹമാസിന്റെ പ്രതികരണം. ബന്ദിമോചനക്കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മാറ്റമില്ലെന്നും ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ ചീഫ് ഇസ്മാഈല്‍ ഹനിയ്യ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായി ഇസ്രായേല്‍ പിടികൂടി തടങ്കിലടച്ച മുഴുവന്‍ ഫലസ്തീനികളെയും വിട്ടയച്ചാല്‍ മാത്രമേ ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയ ഇസ്രായേല്‍ സൈനികരടക്കമുള്ളവരെ വിട്ടയക്കുകയുള്ളൂ. കൂടാതെ ഗസയില്‍നിന്ന് ഇസ്രായേല്‍ സേന പൂര്‍ണമായി പിന്‍വാങ്ങണം. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കണം. ഇസ്രായേല്‍ യുദ്ധം തുടങ്ങിയ ശേഷം ഗസ്സ ജനതയ്ക്കിടയില്‍ ഹമാസിന്റെ സ്വാധീനം വര്‍ധിക്കുകയാണ് ചെയ്തത്. ഫലസ്തീന്‍ ജനത ഹമാസിനെ മാറ്റാന്‍ അനുവദിക്കില്ലെന്ന് യുദ്ധാനന്തര ഗസയെ കുറിച്ച് സംസാരിക്കുന്നവര്‍ മനസ്സിലാക്കണം. യുദ്ധാനന്തരം ഹമാസിനെ ഒഴിവാക്കാന്‍ ഫലസ്തീന്‍ ജനത സമ്മതിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധം അവസാനിച്ചാല്‍ ഹമാസിനെ ഒഴിവാക്കി പാശ്ചാത്യ-അറബ് പിന്തുണയുള്ള മറ്റൊരു ഭരണകൂടത്തെ ഗസയുടെ ചുമതല ഏല്‍പ്പിക്കുമെന്ന ഇസ്രായേല്‍ അവകാശവാദത്തിനു പിന്നാലെയാണ് ഇസ്മായില്‍ ഹനിയ്യയുടെ പ്രതികരണമുണ്ടായത്.

Tags:    

Similar News