മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി ഇസ്രായേല്‍
ഈ മാസമാദ്യം ഒരു കൊവിഡ് രോഗിപോലും ഇല്ലാതിരുന്ന രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിനം നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്.
തെല്‍ അവീവ്: കൊവിഡിന്റെ ഡെല്‍റ്റ വകഭേദം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രായേല്‍ പൊതുയിടങ്ങളില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. ഈ മാസമാദ്യം ഒരു കൊവിഡ് രോഗിപോലും ഇല്ലാതിരുന്ന രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിനം നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്.
വ്യാഴാഴ്ച 227 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറെയും ഡെല്‍റ്റ വകഭേദമാണ്. വിദേശത്തുനിന്ന് എത്തിയവരില്‍നിന്നാവാം രോഗം പകര്‍ന്നതെന്നാണ് അനുമാനം.രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയും വാക്‌സിനേഷന്‍ വേഗത്തിലാക്കുകയും ചെയ്തതോടെ ജൂണ്‍ 15നാണ് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ടെന്ന് ഇസ്രയേല്‍ ഉത്തരവിട്ടത്.രോഗം നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് പടരുകയാണെന്നും രോഗികള്‍ ഓരോദിവസവും ഇരട്ടിക്കുന്നുവെന്നും പകര്‍ച്ചവ്യാധി പ്രതികരണ സേനാതലവന്‍ നച്മാന്‍ ആഷ് പറഞ്ഞു.
രോഗികളുടെ എണ്ണം കൂടിയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തില്‍ വര്‍ധനയില്ല. വാക്‌സിന്‍ വിതരണത്തിലെ വര്‍ധന രോഗവ്യാപനം ചെറുക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊവിഡിന്റെ പുതിയ തരംഗം തുടങ്ങിയെന്ന് പ്രസിഡന്റ് നഫ്ത്താലി ബെന്നറ്റ് വ്യാഴാഴ്ച അറിയിച്ചിരുന്നു. ലോകത്താദ്യമായി ജനസംഖ്യയുടെ 65 ശതമാനത്തിനും വാക്‌സിന്‍ നല്‍കിയ രാജ്യമാണ് ഇസ്രയേല്‍. ജനുവരിയില്‍ 60,000ത്തിലധികം പേര്‍ക്ക് പ്രതിദിനം രോഗം ബാധിച്ചിരുന്ന രാജ്യം ത്വരിതഗതിയിലൂള്ള വാക്‌സിനേഷനിലൂടെയാണ് കൊവിഡിനെ പ്രതിരോധിച്ചത്.