ഗസയില്‍ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്രായേല്‍; മരിച്ച ഫലസ്തീനികളുടെ എണ്ണം 26 ആയി, ഹമാസിന്റെ തിരിച്ചടിയില്‍ രണ്ട് ഇസ്രായേലികള്‍ കൊല്ലപ്പെട്ടു
തിങ്കളാഴ്ച രാത്രി മുതല്‍ ഇസ്രായേല്‍ സൈന്യം ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ നടത്തിവരുന്ന വ്യോമാക്രമണങ്ങളില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം 26 ആയി ഉയര്‍ന്നതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗസാ സിറ്റി: ചൊവ്വാഴ്ച രാവിലെ ഇസ്രായേല്‍ സൈന്യം ഉപരോധത്തിലുള്ള ഗസ മുനമ്പില്‍ ബോംബാക്രമണം പുനരാരംഭിച്ചു. ഇസ്രായേല്‍ സൈന്യം മസ്ജിദുല്‍ അഖ്‌സയില്‍ നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും ഇവിടെനിന്ന് പിന്‍മാറാന്‍ നല്‍കിയ അന്ത്യശാസനം അധിനിവേശ സൈന്യം തള്ളുകയും ചെയ്തതിനു പ്രതികരണമായി ഇവിടെനിന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ട് റോക്കറ്റുകള്‍ വിക്ഷേപിച്ചതിനു പിന്നാലെയാണ് നിരവധി പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്.
ചൊവ്വാഴ്ച രണ്ടു പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ അധികൃതര്‍ അറിയിച്ചു. ഗസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒമ്പതു കുട്ടികള്‍ ഉള്‍പ്പെടെ 24 ഫലസ്തീനികള്‍ ഒറ്റരാത്രികൊണ്ട് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായത്.
മരണസംഖ്യ 26 ആയി ഉയര്‍ന്നതായി ഗസ ആരോഗ്യ മന്ത്രാലയം
തിങ്കളാഴ്ച രാത്രി മുതല്‍ ഇസ്രായേല്‍ സൈന്യം ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ നടത്തിവരുന്ന വ്യോമാക്രമണങ്ങളില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം 26 ആയി ഉയര്‍ന്നതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രണ്ടു ഇസ്രായേലികള്‍ കൊല്ലപ്പെട്ടു
ഗസയില്‍ നിന്ന് ഹമാസ് തൊടുത്ത റോക്കറ്റ് ഇസ്രായേല്‍ നഗരമായ അഷ്‌കലോണില്‍ പതിച്ച് രണ്ടു ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായി ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അല്‍ അഖ്‌സ് മസ്ജിദിനു നേരെയുള്ള മനപ്പൂര്‍വ്വമുള്ള പ്രകോപനപരമായ ആക്രമണം ശെയ്ഖ് ജര്‍റാഹിലെ ഭവനങ്ങള്‍ക്കു നേരെയുള്ള കയ്യേറ്റവും ജറുസലേമിനെ ഭയാനകമായ ആക്രമണത്തിലേക്ക് നയിച്ചെന്ന് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവും പാര്‍ലമെന്റ് അംഗവുമായ ജെറമി കോര്‍ബിന്‍ ട്വീറ്റ് ചെയ്തു. ഇസ്രായേല്‍ 'നിലവിലെ സ്ഥിതി ശരിയാക്കുകയും അത് കൂടുതല്‍ വഷളാക്കാതിരിക്കുകയും വേണം,' അദ്ദേഹം ഒരു ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു.