മുതിര്‍ന്ന ഹമാസ് നേതാവിനെ വധിക്കുമെന്ന് ഇസ്രായേല്‍ ഭീഷണി

Update: 2021-12-23 19:17 GMT

തെല്‍ അവീവ്: വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിനെതിരേ നടത്തുന്ന പ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും തുടര്‍ന്നാല്‍ മുതിര്‍ന്ന ഹമാസ് നേതാവ് സാലിഹ് അല്‍ അരൂരിയെ വധിക്കുമെന്ന് ഇസ്രായേല്‍ ഭീഷണിപ്പെടുത്തിയതായി പ്രാദേശിക വാര്‍ത്താ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, 'തങ്ങളുടെ ഏതെങ്കിലും നേതാക്കള്‍ വധിക്കപ്പെട്ടാല്‍ ഇസ്രായേലിന് താങ്ങാന്‍ കഴിയാത്ത ഒരു പുതിയ യുദ്ധത്തിന് തിരികൊളുത്തുമെന്ന്' ഇസ്രായേല്‍ ഭീഷണിക്ക് ഹമാസ് മറുപടി നല്‍കിയതായി ഹീബ്രു വാര്‍ത്താ സൈറ്റായ മആരിവും മറ്റ് ഇസ്രായേല്‍ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തു.

രണ്ട് ഈജിപ്ഷ്യന്‍ പ്രതിനിധികള്‍ ഗസയിലെത്തി അധിനിവേശ വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഹമാസിനോട് ആവശ്യപ്പെട്ടതായി ലെബനനിലെ അല്‍ അഖ്ബര്‍ പത്രം ഈ ആഴ്ച ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗസയിലും വെസ്റ്റ് ബാങ്കിലും വിദേശത്തും ഹമാസ് നേതാക്കള്‍ക്കെതിരായ കൊലപാതക നയത്തിലേക്ക് ഇസ്രായേല്‍ മടങ്ങുമെന്ന് പ്രതിനിധികള്‍ പ്രസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഗസയെ സഹായിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്ന ഈജിപ്തിനെതിരെ രോഷം പ്രകടിപ്പിച്ച ഹമാസ് ഉപരോധത്തില്‍ വീര്‍പ്പുമുട്ടുന്ന ഗസയിലെ നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ ഇസ്രായേലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവരോട് ആവശ്യപ്പെട്ടു.

'ഗസ്സയിലേക്കുള്ള ഈജിപ്ഷ്യന്‍ പ്രതിനിധികളുടെ ഏറ്റവും പുതിയ സന്ദര്‍ശനം സമയം പാഴാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്, അത് പുതിയ വാര്‍ത്തകളൊന്നും വഹിക്കുന്നില്ല'-ഒരു ഹമാസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ അഖ്ബര്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News