ലെബനാന് നേരെ ഇസ്രായേല്‍ പീരങ്കി ആക്രമണം
ലെബനാനില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്.
ബെയ്‌റൂത്ത്: മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ലെബനാന് നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ പീരങ്കി ആക്രമണം. ലെബനാനില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്.
'ലെബനാനില്‍ നിന്ന് ഇസ്രായേല്‍ പ്രദേശത്തേക്ക് മൂന്ന് റോക്കറ്റുകള്‍ തൊടുത്തു, ഒന്ന് അതിര്‍ത്തിയില്‍ നിന്ന് വീണു. 'പ്രതികരണമായി പീരങ്കി സേന ലെബനീസ് പ്രദേശത്തേക്ക് വെടിയുതിര്‍ത്തു'-സൈന്യം ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ഒരു റോക്കറ്റ് തുറന്ന സ്ഥലത്ത് വീണ് പൊട്ടിത്തെറിക്കുകയും മറ്റൊന്ന് അയണ്‍ ഡോം എന്നറിയപ്പെടുന്ന ഇസ്രായേലിന്റെ പ്രതിരോധ സംവിധാനം തടയുകയും ചെയ്തതായി ഇസ്രായേലി ബ്രോഡ്കാസ്റ്റര്‍ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
നിരവധി റോക്കറ്റുകള്‍ ഇസ്രായേലിന് നേരെ പ്രയോഗിച്ചതായി ലെബനാനിലെ ദൃക്‌സാക്ഷികളും റിപോര്‍ട്ട് ചെയ്തു. 'സമ്മര്‍ദ്ദ ലക്ഷണങ്ങള്‍' അനുഭവിക്കുന്ന നാല് പേരെ ചികില്‍സയ്ക്കു വിധേയമാക്കിയെന്ന് ഇസ്രായേലി ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, ലെബനാനില്‍ എന്തെങ്കിലും നാശനഷ്ടമുണ്ടോ എന്ന് വ്യക്തമല്ല.
ലെബനാന്‍ അതിര്‍ത്തിക്കടുത്തുള്ള കിരിയാത്ത് ഷ്‌മോണ പട്ടണം ഉള്‍പ്പെടെ നിരവധി ഇസ്രായേലി പ്രദേശങ്ങളില്‍ റോക്കറ്റ് ആക്രമണത്തിന്റെ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. വടക്കന്‍ പ്രദേശങ്ങളില്‍ സാധാരണക്കാര്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.