ഗസയില്‍ 24 മണിക്കൂറിനിടെ ഒമ്പത് സൈനികരെ വധിച്ചെന്ന് ഹമാസ്

Update: 2024-01-09 11:46 GMT

ഗസാ സിറ്റി: ഗസയില്‍ കരയുദ്ധം രൂക്ഷമായി തുടരുന്നതിനിടെ 24 മണിക്കൂറിനിടെ ഒമ്പത് ഇസ്രായേല്‍ സൈനികരെ വധിച്ചതായി ഹമാസ്. തെക്കന്‍, മധ്യ ഗാസയിലെ ഹമാസ് തുരങ്കങ്ങള്‍ കണ്ടെത്തി ആക്രമിക്കാന്‍ നിയോഗിക്കപ്പെട്ട എന്‍ജിനീയറിങ് യൂനിറ്റുകളില്‍ നിന്നുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. രാവിലെ നാലു സൈനികര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നത്. എന്നാല്‍, കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഒമ്പതാണെന്ന് ഇസ്രായേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ ഒക്ടോബര്‍ ഏഴിനു ശേഷം ഫലസ്തീനില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം 187 ആയി ഉയര്‍ന്നു.

    ഇതിനിടെ, ലബനാനിലെ തെക്കന്‍ പട്ടണമായ ഘണ്ടൂറിയയില്‍ വാഹനത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ മൂന്ന് ഹിസ്ബുല്ല അംഗങ്ങള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം തെക്കന്‍ ലെബനനിലെ ഖെര്‍ബെറ്റ് സ് ലിമില്‍ നിന്നുള്ള കമാന്‍ഡര്‍ വിസാം ഹസന്‍ തവീല്‍ എന്ന അല്‍ഹാജ് ജവാദിനെയും സമാനരീതിയില്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനു തിരിച്ചടിയെന്നോണം ഇസ്രായേല്‍ സൈനിക കേന്ദ്രത്തിനു നേരെ ഹിസ്ബുല്ല ആക്രമണം നടത്തി. മുതിര്‍ന്ന ഹമാസ് നേതാവ് സ്വാലിഹ് അല്‍ആറൂരിയുടെയും വിസാം ഹസന്‍ തവീലിന്റെയും കൊലപാതകത്തിനുള്ള തിരിച്ചടിയാണിതെന്ന് ലെബനാന്‍ അറിയിച്ചു. എന്നാല്‍, ആക്രമണത്തില്‍ ചെറിയ നാശനഷ്ടം മാത്രമാണുണ്ടായതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. അതിര്‍ത്തി ഗ്രാമങ്ങില്‍ കൂട്ടപ്പലായനം നടക്കുന്നതായും റിപോര്‍ട്ടുകളുണ്ട്. അതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കിലെ തുല്‍ക്കറെമില്‍ മൂന്ന് പേരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനു മുകളിലൂടെ ഇസ്രായേല്‍ സൈനിക വാഹനം ഓടിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒക്‌ടോബര്‍ 7 മുതല്‍ ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23,210 ആയി ഉയര്‍ന്നു.

Tags:    

Similar News