പിഎസ്എല്‍വിസി52 വിക്ഷേപിച്ചു; ഈ വര്‍ഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യം

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നും പുലര്‍ച്ചെ 5.59നായിരുന്നു വിക്ഷേപണം.

Update: 2022-02-14 01:59 GMT

ചെന്നൈ: മലയാളിയായ എസ് സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ബഹിരാകാശ ദൗത്യം പിഎസ്എല്‍വി സി52 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നും പുലര്‍ച്ചെ 5.59നായിരുന്നു വിക്ഷേപണം. ഞായറാഴ്ച പുലര്‍ച്ചെ 4.29 ന് ആരംഭിച്ചു 25.30 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷമായിരുന്നു വിക്ഷേപണം.

ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യം കൂടിയാണിത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 04 ആണ് ദൗത്യത്തിലൂടെ വിക്ഷേപിക്കുന്ന പ്രധാന ഉപഗ്രഹം. 1510 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഏത് പ്രതികൂല കാലാവസ്ഥയിലും ഭൂമിയെ നിരീക്ഷിച്ച് കൃത്യവും സൂഷ്മവുമായ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് അയക്കാനാവും. ഫ്‌ളഡ് മാപ്പിങ്ങിനടക്കമുള്ള ഏറ്റവും ആധുനീക സംവിധാനങ്ങളുണ്ട്. കൂടാതെ രണ്ട് ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വിയിലൂടെ ബഹിരാകാശത്ത് എത്തിക്കും. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഎസ്ടി) വിദ്യാര്‍ഥികള്‍ കൊളറാഡോ സര്‍വകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്‌മോസ്‌ഫെറിക് ആന്‍ഡ് സ്‌പേസ് ഫിസിക്‌സുമായി സഹകരിച്ച് നിര്‍മിച്ച ഇന്‍സ്പയര്‍ സാറ്റ്1, ഇന്ത്യഭൂട്ടാന്‍ സംയുക്ത ഉപഗ്രഹമായ ഐഎന്‍എസ്2ടിഡി എന്നിവയാണ് അവ.

എസ് സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാനായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യത്തെ ദൗത്യമാണ് ഇത്.


Tags:    

Similar News