'കൃത്രിമക്കാല്‍ ഊരിമാറ്റി പരിശോധിക്കുന്നത് വേദനിപ്പിക്കുന്നു'; പ്രധാനമന്ത്രിയോട് സുധ ചന്ദ്രന്‍

വിമാനത്താവളങ്ങളില്‍ പരിശോധനയുടെ ഭാഗമായി കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നത് വേദനാജനകമാണെന്നും തന്നെ പോലുള്ള ഒരു ആര്‍ട്ടിസറ്റിന്റെ ഇത്തരം ദുരവസ്ഥയ്ക്ക് മാന്യമായ പരിഗണന ലഭിക്കുന്നില്ലെന്നും നടി പരാതിപ്പെടുന്നു.

Update: 2021-10-22 10:27 GMT

ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകള്‍ക്കായി തന്റെ കൃത്രിമക്കാല്‍ എന്നും ഊരിമാറ്റേണ്ടിവരുന്നത് വലിയ പ്രയാസമുണ്ടാക്കുന്നതായി നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍. ഔദ്യോഗികാവശ്യങ്ങള്‍ക്കായി യാത്രചെയ്യുമ്പോള്‍ വിമാനത്താവളങ്ങളില്‍ പരിശോധനയുടെ ഭാഗമായി കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നത് വേദനാജനകമാണെന്നും തന്നെ പോലുള്ള ഒരു ആര്‍ട്ടിസറ്റിന്റെ ഇത്തരം ദുരവസ്ഥയ്ക്ക് മാന്യമായ പരിഗണന ലഭിക്കുന്നില്ലെന്നും നടി പരാതിപ്പെടുന്നു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരിനെയും പരാമര്‍ശിച്ച് സുധ ചന്ദ്രന്റെ പരാതി. തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മാനസികമായി വേദനയുണ്ടാക്കുന്ന ഇത്തരത്തിലുള്ള പരിശോധനകള്‍ ഒഴിവാക്കുന്നതിനായി പ്രത്യേക കാര്‍ഡ് നല്‍കണമെന്നും പ്രധാനമന്ത്രിയോട് നടി ആവശ്യപ്പെട്ടു.

 സുധയുടെ പരാതി വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. പ്രമുഖരടക്കമുള്ളവര്‍ നടിയെ പിന്തുണച്ചെത്തി. രാജ്യം അംഗീകരിച്ച കലാകാരിയുടെ പരാതിയില്‍ പരിഹാരം കാണണമെന്ന് നിരവധിപ്പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 1981 ലാണ് കാറപകടത്തില്‍ സുധയുടെ കാല്‍ നഷ്ടമായത്. മദിരാശിയില്‍ നിന്ന് പരിപാടിക്ക് ശേഷം രക്ഷിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിരുച്ചിറപ്പളിയില്‍ വച്ചുണ്ടായ അപകടത്തിലാണ് അവരുടെ ഒരു കാല്‍ അറ്റു തൂങ്ങിയത്. തുന്നിച്ചേര്‍ക്കാനാകാത്തതിനാല്‍ പിന്നീട് ഈ കാല്‍ മുറിച്ച് മാറ്റുകയായിരുന്നു. ഏറെ നാളത്തെ വിശ്രമത്തിന് ശേഷം ഇവര്‍ നൃത്തരംഗത്തും അഭിനയരംഗത്തും തിരിച്ചെത്തുകയായിരുന്നു. മനോധൈര്യം കൊണ്ടും നിശ്ചയ ധാര്‍ഡ്യം കൊണ്ടും കലാകാരന്മാര്‍ക്ക് ഏറെ പ്രചോദനമാണ് സുധ ചന്ദ്രന്‍. പരിമിതികളെ മറികടന്ന ജീവിതത്തില്‍ മികവ് തെളിയിക്കാന്‍ സാധിക്കുമെന്ന് അവര്‍ ജീവിതത്തിലൂടെ പറയുകയായിരുന്നു. 56 കാരിയായ സുധ ചന്ദ്രന്‍ അറിയപ്പെടുന്ന ഭരതനാട്യ നര്‍ത്തകിയും നിരൂപകയുമാണ്. നിരവധി ചാനലുകളില്‍ അവരുടെ ഷോകള്‍ ഇപ്പോഴും നടക്കുന്നുണ്ട്.

Tags:    

Similar News