കസ്റ്റഡിയില്‍ ഉള്ളവരെ മര്‍ദ്ദിക്കുന്നത് ഭീരുവിന്റെ തിണ്ണമിടുക്ക്; പോലിസ് മര്‍ദ്ദനത്തിനെതിരേ ജേക്കബ് പുന്നൂസ്

Update: 2022-10-21 10:19 GMT

തിരുവനന്തപുരം: പോലിസ് മര്‍ദ്ദനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. കസ്റ്റഡിയില്‍ ഉള്ളവരെ മര്‍ദ്ദിക്കുന്നത് ഭീരുവിന്റെ പ്രതികാരവും വെറും തിണ്ണമിടുക്കും മാത്രമാണെന്നാണ് മുന്‍ ഡിജിപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്. എന്തു നിയമവിരുദ്ധ പ്രവര്‍ത്തിയും ചെയ്യാമെന്നുള്ള മാനസികാവസ്ഥ, മനോവീര്യമല്ല. മറിച്ച് ഞാന്‍ ഒരുകൊച്ചു രാജാവാണ് എന്ന അഹങ്കാരമാണെന്നും ജേക്കബ് പുന്നൂസ് വ്യക്തമാക്കുന്നു. നിയമം നടപ്പാക്കുമ്പോള്‍, പ്രകോപനമുണ്ടായാലും, നിയമം ലംഘിക്കാതിരിക്കുന്നതാണ് നിയമപാലകന്റെ മനോവീര്യമെന്നും ജേക്കബ് പുന്നൂസ് കൂട്ടിച്ചേര്‍ക്കുന്നു.

കസ്റ്റഡിയില്‍ ഉള്ളവരെ മര്‍ദ്ദിക്കുന്നത് അതിഹീനമായ കുറ്റകൃത്യം കൂടിയാണ്. നിയമമാണ് ജനാധിപത്യത്തിലെ രാജാവ്. അത് നിയമം നടപ്പാക്കുന്നവര്‍ക്കും ബാധകമെന്നും ജേക്കബ് പുന്നൂസ് പോലിസുകാരെ ഓര്‍മ്മിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാധാരണക്കാര്‍ക്കെതിരായ പോലിസ് അക്രമം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്‍ ഡിജിപിയുടെ ഓര്‍മ്മപ്പെടുത്തലെന്നത് ശ്രദ്ധേയമാണ്. കൊല്ലത്ത് സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ വാദം കളവാണെന്ന് മര്‍ദ്ദനത്തിനിരയായ വിഘ്‌നേഷ് പ്രതികരിച്ചിരുന്നു.

ഒമ്പത് പൊലീസുകാര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. എസ്എച്ച്ഒ വിനോദും എസ് ഐ അനീഷും തല്ലിയിട്ടില്ലെന്ന കമ്മീഷണറുടെ വാദം തെറ്റാണെന്നും വിഘ്‌നേഷ് വിശദമാക്കിയിരുന്നു. പാലക്കാട് വാളയാറില്‍ ഹൃദ്രോഗിയായ അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോകും വഴി മക്കളെ സിഐ മര്‍ദ്ദിച്ച സംഭവമുണ്ടായത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. മലപ്പുറം കിഴിശ്ശേരിയില്‍ ഹൃദയശാസ്ത്രക്രിയ കഴിഞ്ഞ പതിനേഴുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ഥിയ്ക്ക് നേരെയും പോലിസ് മര്‍ദ്ദനമുണ്ടായിരുന്നു.

മഞ്ചേരിയില്‍ വാഹന പരിശോധനയ്ക്കിടെ യുവതിയെയും സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് മര്‍ദ്ദിച്ചത് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ്. പത്ത് വയസുള്ള മകന്റെ മുന്നില്‍ വച്ചാണ് അതിക്രമവും അസഭ്യം പറച്ചിലും നടന്നതെന്ന് പരാതിക്കാരി വിശദമാക്കിയിരുന്നു.

Tags:    

Similar News