ജയ്പൂര്‍-മുംബൈ ട്രെയിനിലെ വെടിവയ്പ്: പ്രതിയായ ആര്‍പിഎഫ് കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

Update: 2023-08-17 05:54 GMT

മുംബൈ: ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ സീനിയര്‍ ഉദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയും വെടിവച്ചുകൊന്ന കേസില്‍ പ്രതിയായ റെയില്‍വേ പോലിസ് ഫോഴ്‌സ്(ആര്‍പിഎഫ്) കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് ചൗധരി(33)യെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മുംബൈ സെന്‍ട്രലിലെ ആര്‍പിഎഫ് സീനിയര്‍ ഡിവിഷനല്‍ സെക്യൂരിറ്റി കമ്മീഷണറാണ് ചൗധരിയെ പിരിച്ചുവിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ചേതന്‍ സിങ് ഇപ്പോല്‍ റിമാന്റില്‍ കഴിയുകയാണ്. ഇക്കഴിഞ്ഞ ജൂലൈ 31നാണ് ജയ്പൂര്‍ -മുംബൈ സെന്‍ട്രല്‍ എക്‌സ്പ്രസ് ട്രെയിനില്‍ വെടിവയ്പുണ്ടായത്. പുലര്‍ച്ചെ 5:23ന് ഡ്യൂട്ടിക്കിടെ ആര്‍പിഎഫ് കോണ്‍സ്റ്റബിളായ ചേതന്‍ കുമാര്‍ ചൗധരി സീനിയര്‍ ഉദ്യോഗസ്ഥനായ ടിക്കാറാം മീണ, യാത്രക്കാരായ അബ്ദുല്‍ഖാദര്‍ ഭായ് ഭന്‍പുര്‍വാല, സര്‍ദാര്‍ മുഹമ്മദ് ഹുസയ്ന്‍, അസ്ഗര്‍ അബ്ബാസ് ഷെയ്ഖ് എന്നിവരെയാണ് വെടിവച്ചുകൊന്നത്. പട്ടികവര്‍ഗ വിഭാഗക്കാരനായ ടിക്കാറാം മീണയെ വെടിവച്ച ശേഷം മുസ് ലിമെന്ന് തിരിച്ചറിഞ്ഞവരെ മാത്രമാണ് പ്രതി കൊലപ്പെടുത്തിയത്. മാത്രമല്ല, വെടിവയ്പിനു ശേഷം മോദിയെയും യോഗിയെയും പുകഴ്ത്തുന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്താന്‍ ആര്‍പിഎഫ് എഡിജിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് ചൗധരിക്ക് മാനസിക അസ്വസ്ഥതകളുണ്ടെന്നായിരുന്നു ആദ്യപ്രചാരണം. എന്നാല്‍, വിശദമായ പരിശോധനയില്‍ ഇയാള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് റെയില്‍വേ ബോര്‍ഡ് കണ്ടെത്തിയതായി അറിയിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുകയും ചെയ്തിരുന്നു.

    അതിനിടെ, സംഭവം വിദ്വേഷ കൊലപാതകമെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രതി ചേതന്‍ കുമാര്‍ ചൗധരി ബുര്‍ഖ ധരിച്ച സ്ത്രീയെ തോക്കുചൂണ്ടി ജയ് മാതാ ദി എന്ന് വിളിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബി മൂന്ന് കോച്ചിലെ ബുര്‍ഖ ധരിച്ച സ്ത്രീയെയാണ് ചേതന്‍ കുമാര്‍ ജയ് മാതാ ദി എന്ന് നിര്‍ബന്ധപൂര്‍വം വിളിപ്പിക്കാന്‍ ശ്രമിച്ചത്.

Tags:    

Similar News