വഖ്ഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കാത്തവരുമായി സഹകരിക്കില്ലെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്; അവരുടെ ഇഫ്താറിനും പോവില്ല

Update: 2025-03-22 01:54 GMT
വഖ്ഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കാത്തവരുമായി സഹകരിക്കില്ലെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്; അവരുടെ ഇഫ്താറിനും പോവില്ല

ആഗ്ര: വഖ്ഫ് നിയമഭേദഗതി ബില്ലിനെതിരെ നിലപാട് സ്വീകരിക്കാത്ത പാര്‍ട്ടികളുമായി സഹകരിക്കില്ലെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്. ജനതാദള്‍(യു) നേതാവ് നിതീഷ് കുമാര്‍, തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായ്ഡു, ലോക് ജനശക്തി പാര്‍ട്ടി(രാം വിലാസ്) നേതാവ് ചിരാഗ് പാസ്വാന്‍ എന്നിവര്‍ ബില്ലിനെതിരെ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷദ് മദനി പറഞ്ഞു. ഇത്തരക്കാരുടെ ഇഫ്താര്‍, ചെറിയ പെരുന്നാള്‍ പരിപാടികളില്‍ നിന്നടക്കം വിട്ടുനില്‍ക്കാനാണ് തീരുമാനം.

'' അധികാരത്തിനായി സര്‍ക്കാരിനെ പിന്തുണച്ച നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു, ചിരാഗ് പാസ്വാന്‍ തുടങ്ങിയ നേതാക്കള്‍ ഇപ്പോള്‍, മുസ്‌ലിംകളുടെ സംസ്‌കാരത്തെയും പൈതൃകത്തെയും നശിപ്പിക്കാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. മതേതര കക്ഷികളാണ് തങ്ങളെന്ന അവകാശവാദം അവര്‍ അവസാനിപ്പിക്കണം. ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ രഹസ്യമല്ല. മതേതരരെന്ന് സ്വയം വിശേഷിപ്പിക്കുന്നവരും മുസ്‌ലിംകളുടെ അഭ്യുദയകാംക്ഷികളാണെന്ന് അവകാശപ്പെടുന്നവരും ഇപ്പോള്‍ സമുദായത്തിന്റെ സംസ്‌കാരം, പാരമ്പര്യം, വഖ്ഫ്, ആരാധനാലയങ്ങള്‍, പൈതൃകം എന്നിവ നശിപ്പിക്കുന്ന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ഞാന്‍ വളരെ ഖേദത്തോടെ പറയട്ടെ. ഗൗരവമേറിയ ഇത്തരം കാര്യങ്ങളില്‍ ഈ മതേതരനേതാക്കള്‍ ഒരു പ്രസ്താവന പോലും നല്‍കിയിട്ടില്ല.''-മൗലാന അര്‍ഷദ് മദനി പറഞ്ഞു.

അതേസമയം, വഖ്ഫ് ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ തടയാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രേരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മുസ്‌ലിം നേതാക്കള്‍ തയ്യാറാവണമെന്ന് ആക്ടിവിസ്റ്റ് പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടു. വഖ്ഫ് ബില്ലില്‍ തന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് കൃത്യമായ നിലപാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. '' രാജ്യത്തെ 20 കോടി മുസ്‌ലിം സഹോദരങ്ങളുമായി കൂടിയാലോചിക്കാതെ കൊണ്ടുവന്ന ഈ നിയമനിര്‍മ്മാണത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. വിവിധ പാര്‍ട്ടികളിലെ അംഗങ്ങള്‍ ഈ ബില്ലിനെ എതിര്‍ക്കുന്നത് ന്യായമാണ്. തെരുവിലിറങ്ങി ഇതിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയുമുണ്ട്.''-പ്രശാന്ത് കിഷോര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ജനതാദളി(യു)ന് 12 അംഗങ്ങളുണ്ട്. അവര്‍ വിചാരിച്ചാല്‍ ബില്ല് തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

Similar News