മുന്‍ മന്ത്രി രമേശ് ജാര്‍ക്കിഹോളിയുടെ ലൈംഗിക വീഡിയോ; പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി
മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയമുണ്ടെന്നും അവളുടെ ജീവന്‍ അപകടത്തിലാണെന്നും ചൂണ്ടിക്കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബെലഗാവി പോലിസില്‍ പരാതി നല്‍കി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബംഗലൂരു: കര്‍ണാടക മുന്‍ മന്ത്രി രമേശ് ജാര്‍ക്കിഹോളിയുമായി ബന്ധപ്പെട്ട ലൈംഗിക വീഡിയോ വിവാദത്തിലെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയമുണ്ടെന്നും അവളുടെ ജീവന്‍ അപകടത്തിലാണെന്നും ചൂണ്ടിക്കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബെലഗാവി പോലിസില്‍ പരാതി നല്‍കി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവതിയുടെ മാതാപിതാക്കള്‍ കുവേമ്പുനഗറിലാണ് താമസിക്കുന്നത്. മകളെ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ജീവന്‍ അപകടത്തിലാണെന്ന് പറഞ്ഞെന്നും, അതിനുശേഷം പിന്നീട് ഫോണില്‍ ബന്ധപ്പെടാനാവുന്നില്ലെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു.
വിവാദ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിളിച്ചപ്പോള്‍, അത് താനല്ലെന്നും തനിക്ക് ഒന്നും അറിയില്ലെന്നുമാണ് പറഞ്ഞതെന്ന് യുവതിയുടെ അമ്മ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എത്രയും വേഗം വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടിലേക്ക് വരാനാകില്ലെന്നും ജീവന് ഭീഷണി ഉണ്ടെന്നുമായിരുന്നു മകളുടെ മറുപടി. ഫോണിലൂടെ മെസ്സേജുകളും അയച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണെന്ന് അമ്മ പറഞ്ഞു.
മന്ത്രി രമേശ് ജാര്‍ക്കിഹോളി ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെ വിവാദ വീഡിയോ പുറത്തുവന്നു. ഇതേത്തുടര്‍ന്ന് രമേശ് ജാര്‍ക്കിഹോളിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. എന്നാല്‍ വീഡിയോ വ്യാജമാണെന്നും, തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും ചൂണ്ടിക്കാട്ടി ജാര്‍ക്കിഹോളി പോലിസില്‍ പരാതി നല്‍കിയിരുന്നു.