സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍ സിഐസിയില്‍ നിന്ന് രാജിവച്ചു; കൂടുതല്‍ പേര്‍ ഒഴിഞ്ഞേക്കും

Update: 2023-05-03 06:13 GMT

മലപ്പുറം: സമസ്തയും സിഐസി(കോഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ്)യും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനു പിന്നാലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സി ഐസി സമിതികളില്‍നിന്ന് രാജിവച്ചു. സമസ്തയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് രാജിയെന്നാണ് സൂചന. വരുംദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ സി ഐസി സമിതിയില്‍ നിന്ന് ഒഴിയുമെന്നാണ് റിപോര്‍ട്ട്. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ല്യാരും രാജി സന്നദ്ധത അറിയിച്ചതായാണു വിവരം. സിലബസ് വിവാദം, ആദര്‍ശ വ്യതിയാനം എന്നിവ ചൂണ്ടിക്കാട്ടി സമസ്ത നല്‍കിയ മുന്നറിയിപ്പുകള്‍ ലംഘിച്ചെന്ന് ആരോപിച്ച്സിഐസി ജനറല്‍ സെക്രട്ടറിയായിരുന്ന അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിക്കെതിരേ സമസ്ത നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് വിവാദം തുടങ്ങി. ഒടുവില്‍ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി രാജിവയ്ക്കുകയും രാജി അംഗീകരിച്ചതായി കഴിഞ്ഞ ദിവസം സിഐസി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. നിലവിലെ ജോയന്റ് സെക്രട്ടറി ഹബീബുല്ല ഫൈസി പള്ളിപ്പുറമാണ് പുതിയ ജനറല്‍ സെക്രട്ടറി. തൂത വാഫി കോളജ് പ്രിന്‍സിപ്പലും സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ് ല്യാരുടെ മരുമകനുമാണ് ഹബീബുല്ല ഫൈസി. ഹകീം ഫൈസിയുടെ രാജിയോടെ സമസ്ത-സിഐസി തര്‍ക്കം അവസാനിക്കുമെന്ന് കരുതിയിരുന്നെങ്കിലും ജിഫ്രി തങ്ങളുടെയും ആലിക്കുട്ടി മുസ് ല്യാരുടെയും പുതിയ നീക്കം അതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു വാഫി കോളജില്‍ സിലബസ് സംബന്ധിച്ച തര്‍ക്കം സംഘര്‍ഷത്തിലെത്തിയിരുന്നു.

Tags:    

Similar News