ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള എച്ച്ആര്‍ഡിഎസിലെ ജോലി: ആര്‍എസ്എസ് എന്താണെന്ന് പോലും അറിയില്ലെന്ന് സ്വപ്‌ന സുരേഷ്
തിരുവനന്തപുരം: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസിലെ ജോലി വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി സ്വപ്‌ന സുരേഷ്. ആര്‍എസ്എസ് എന്താണെന്ന് പോലും തനിക്കറിയില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പറ്റി അറിയില്ലെന്നും സ്വപ്ന പറഞ്ഞു. സ്വപ്ന സുരേഷിന് ജോലി നല്‍കിയ എച്ച്ആര്‍ഡിഎസ് എന്ന എന്‍ജിഒ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടനയാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സ്വപ്ന.
കൂട്ടംകൂടി തന്നെ ആക്രമിക്കുകയാണെന്ന് സ്വപ്‌ന പറഞ്ഞു. എല്ലാത്തിനും പിന്നില്‍ എം.ശിവശങ്കറാണെന്നും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. എനിക്ക് ഇഞ്ചിഞ്ചായി കൊല്ലുന്നതിനേക്കാള്‍ നല്ലത് ഒറ്റയടിക്ക് കൊല്ലുന്നതാണ്, മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ല. മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. സ്വപ്ന പറഞ്ഞു.
അതേസമയം അട്ടപ്പാടിയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത വീട് നിര്‍മ്മിച്ചുവെന്ന പരാതിയിയില്‍ സ്വപ്ന സുരേഷ് ജോലിചെയ്യുന്ന എച്ച്ആര്‍ഡിഎസിനെതിരേ സംസ്ഥാന എസ്‌സി/എസ്ടി കമ്മീഷന്‍ കേസെടുത്തു. ആദിവാസി ഭൂമി പാട്ടത്തിനെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷന്‍ അന്വേഷിക്കും. എച്ച്ആര്‍ഡിഎസിനെക്കുറിച്ചുള്ള പരാതികളില്‍ ജില്ല കലക്ടര്‍, എസ് പി എന്നിവരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണ് അട്ടപ്പാടി കേന്ദ്രീകരിച്ചുള്ള ഹൈറേഞ്ച് റൂറല്‍ ഡെവല്‍പ്പ്‌മെന്റ് സൊസൈറ്റി. ഗുരു ആത്മനമ്പി(ആത്മജി)യാണ് എച്ച്ആര്‍ഡിഎസിന് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രധാന നേതാക്കളാണ് ഇതിന്റെ പ്രധാന പദവികള്‍ അലങ്കരിക്കുന്നത്.