ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മുഹമ്മദ് ബഷീറാണ് മരിച്ചത്

Update: 2019-08-03 00:58 GMT

തിരുവനന്തപുരം: സര്‍വേ ഡയറക്ടറും ദേവികുളം മുന്‍ സബ് കലക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മുഹമ്മദ് ബഷീറാണ് മരിച്ചത്. അമിത വേഗതയിലെത്തിയ വാഹനം മ്യൂസിയം ജങ്ഷനു സമീപം ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതായി റിപോര്‍ട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, സുഹൃത്താണ് വാഹനമോടിച്ചതെന്നാണ് ശ്രീറാം പോലിസിനു നല്‍കിയ മൊഴി. ശ്രീറാമിനൊപ്പെ വാഹനത്തില്‍ ഒരു പെണ്‍കുട്ടി കൂടിയുണ്ടായിരുന്നതായി ദൃക്‌സാക്ഷിയായ പോലിസ് ഉദ്യോഗസ്ഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.വാഹനത്തിലുണ്ടായിരുന്ന മരപ്പാലം സ്വദേശിനി വഫാ ഫിറോസിനെ പോലിസ് കസ്റ്റഡിയിലെടുത്തു.വാഹനമോടിച്ചത് ആരാണെന്നു സ്ഥിരീകരിക്കാനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലിസ് പറഞ്ഞു.

    


    കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രൊജക്റ്റ് ഡയറക്ടര്‍, ഹൗസിങ് കമ്മീഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ഇദ്ദേഹത്തിനു നല്‍കിയിരുന്നു. മൂന്നാറിലെ ഭൂമി കൈയേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ചതോടെയാണ് ശ്രീറാം ശ്രദ്ധേയനായത്.
    

    കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനിലിറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 2004ല്‍ തിരൂര്‍ പ്രാദേശിക ലേഖകനായാണു സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി. 2006ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. നിയമസഭാ റിപോര്‍ട്ടിങിലെ മികവിന് കേരള മീഡിയ അക്കാദമി ബഷീറിനെ ആദരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം രാത്രിയോടെ സ്വദേശമായ വാണിയന്നൂരില്‍ എത്തിക്കും. പ്രമുഖ പണ്ഡിതന്‍ വടകര മുഹമ്മദാജി തങ്ങളുടെ മകനാണ്. തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ്. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കള്‍: ജന്ന, അസ്മി.






Tags:    

Similar News