കര്‍ഷക പ്രതിഷേധ കേന്ദ്രത്തില്‍നിന്ന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ മന്ദീപ് പുനിയയ്ക്ക് ജാമ്യം
ഡല്‍ഹിക്കും ഹരിയാനയ്ക്കുമിടയില്‍ സിങ്കു അതിര്‍ത്തിയിലെ കര്‍ഷക സമര കേന്ദ്രത്തില്‍നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹം അറസ്റ്റിലായത്.
ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധ കേന്ദ്രത്തില്‍നിന്ന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ മന്ദീപ് പുനിയയ്ക്ക് ജാമ്യം. ഡല്‍ഹിക്കും ഹരിയാനയ്ക്കുമിടയില്‍ സിങ്കു അതിര്‍ത്തിയിലെ കര്‍ഷക സമര കേന്ദ്രത്തില്‍നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹം അറസ്റ്റിലായത്. 25000 രൂപയുടെ ബോണ്ടിലാണ് ഡല്‍ഹി കോടതി മന്ദീപ് പുനിയയ്ക്ക് ജാമ്യം അനുവദിച്ചത്.
ജാമ്യമാണ് നിയമമെന്നും ജയില്‍ അപവാദമാണെന്നും പ്രസക്തമായ തര്‍ക്കമില്ലാത്ത നിയമ തത്വമാണെന്ന് ജാമ്യ ഉത്തരവില്‍ പറയുന്നു. ഇവിടെയുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നാരോപിച്ച് കര്‍ഷകരുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മന്ദീപ് പുനിയ, ധര്‍മേന്ദ്ര സിംഗ് എന്നി മാധ്യമപ്രവര്‍ത്തകരെ ശനിയാഴ്ച രാത്രിയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. സത്യവാങ്മൂലത്തില്‍ ഒപ്പുവെപ്പിച്ച ശേഷം ധര്‍മേന്ദ്ര സിംഗിനെ വിട്ടയച്ചെങ്കിലും എന്നാല്‍ മന്ദീപ് പുനിയയെ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) ഒന്നിലധികം വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് മന്ദീപിനെതിരേ പോലിസ് ചുമത്തിയത്.