അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം; മാധ്യമപ്രവര്‍ത്തകര്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍
ഫിലീപ്പീന്‍സ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരന്‍ ദിമിത്രി മുറാതോവുമാണ് (59) പുരസ്‌കാരത്തിന് അര്‍ഹരായത്. ജനാധിപത്യത്തിന്റെയും ശാശ്വത സമാധാനത്തിന്റെയും ആണിക്കല്ലായ അഭിപ്രായ സ്വാതന്ത്രത്തിനുവേണ്ടിയുള്ള പോരാട്ടം പരിഗണിച്ചാണ് നോര്‍വീജീയന്‍ നൊബേല്‍ കമ്മിറ്റി ഇരുവര്‍ക്കും പുരസ്‌കാരം നല്‍കിയത്.
സ്റ്റോക്ക്‌ഹോം: 2021ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഫിലീപ്പീന്‍സ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരന്‍ ദിമിത്രി മുറാതോവുമാണ് (59) പുരസ്‌കാരത്തിന് അര്‍ഹരായത്. ജനാധിപത്യത്തിന്റെയും ശാശ്വത സമാധാനത്തിന്റെയും ആണിക്കല്ലായ അഭിപ്രായ സ്വാതന്ത്രത്തിനുവേണ്ടിയുള്ള പോരാട്ടം പരിഗണിച്ചാണ് നോര്‍വീജീയന്‍ നൊബേല്‍ കമ്മിറ്റി ഇരുവര്‍ക്കും പുരസ്‌കാരം നല്‍കിയത്. അഭിപ്രായ സ്വാതന്ത്ര്യം നേടുന്നതിനായി അധികാരവര്‍ഗത്തോടാണ് ഇവര്‍ പോരാടിയത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്നതിന് 2012ല്‍ സ്ഥാപിച്ച റാപല്‍ എന്ന ഫിലിപ്പീന്‍സിലെ ഡിജിറ്റല്‍ മീഡിയ സ്ഥാപനത്തിന്റെ സ്ഥാപകരില്‍ ഒരാളാണ് മരിയ റെസ്സ.
നേരത്തെ സിഎന്‍എന്നിനുവേണ്ടി നിരവധി അന്വേഷണാത്മക റിപോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ എങ്ങനെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും എതിരാളികളെ ഉപദ്രവിക്കാനും ദുരുപയോഗം ചെയ്യുന്നുവെന്ന് അവര്‍ തുറന്നുകാട്ടിയെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി അധ്യക്ഷ ബെറിറ്റ് റെയ്‌സ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതിന്റെ പേരില്‍ ഫിലിപ്പീന്‍സില്‍ ആറുവര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു റെസ്സ. ഒരു ജഡ്ജിയും വ്യവസായ പ്രമുഖനും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നതിന്റെ പേരിലാണ് ഇവര്‍ക്കെതിരേ ശിക്ഷ വിധിച്ചത്.
സീഡ്‌സ് ഓഫ് ടെറര്‍: ആന്‍ ഐവിറ്റ്‌നസ് അക്കൗണ്ട് ഓഫ് അല്‍ഖൈ്വദാസ് ന്യൂവസ്റ്റ് സെന്റര്‍, ഫ്രം ബിന്‍ ലാദന്‍ ടു ഫെയ്‌സ്ബുക്ക്: 10 ഡെയ്‌സ് ഓഫ് അബ്ഡക്ഷന്‍, 10 ഇയേഴ്‌സ് ഓഫ് ടെററിസം എന്നീ പുസ്തകങ്ങളും റെസ്സ എഴുതിയിട്ടുണ്ട്. റഷ്യന്‍ ദിനപത്രമായ നൊവായ ഗസെറ്റയുടെ എഡിറ്ററര്‍ ഇന്‍ ചീഫാണ് റഷ്യന്‍ സ്വദേശിയായ ദിമിത്രി മുറാതോവ്. സര്‍ക്കാരിന്റെ അഴിമതിക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കുമെതിരായ റിപോര്‍ട്ടുകള്‍ക്ക് പേരുകേട്ട പത്രമാണ് നൊവായ ഗസെറ്റ. അഭിപ്രായ സ്വാതന്ത്ര്യത്തിനായി പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടമാണ് ദിമിത്രി നടത്തിയത്. നോവാജോ ഗസറ്റയുടെ സ്ഥാപകരിലൊരാളാണ് ദിമിത്രി.