കുടിയേറ്റക്കാരനെ കോടതിയില്‍ സഹായിച്ചെന്ന്: ജഡ്ജിയെ അറസ്റ്റ് ചെയ്ത് എഫ്ബിഐ

വാഷിങ്ടണ്‍: യുഎസ് കുടിയേറ്റ വിരുദ്ധ പോലിസിന്റെ പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ യുവാവിനെ സഹായിച്ചെന്നാരോപിച്ച് ജഡ്ജിയെ അറസ്റ്റ് ചെയ്തു. വിസ്‌കോന്‍സിന്‍ സംസ്ഥാനത്തെ മില്‍വാക്കീ കൗണ്ടി സര്‍ക്യൂട്ട് ജഡ്ജി ഹന്ന ദുഗനെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. കുടിയേറ്റവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഹാജരാവാന്‍ എത്തിയ യുവാവിനെയും അയാളുടെ അഭിഭാഷകനെയും ജഡ്ജി സുരക്ഷിതമായി കോടതിക്ക് പുറത്ത് എത്തിച്ചു എന്നാണ് ആരോപണം. ജൂറിമാരുടെ മുറിയിലൂടെ യുവാവിനെ പൂറത്തുവിട്ടു എന്നാണ് ആരോപണം. പുറത്തെത്തിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇന്നലെ രാവിലെ കോടതി അങ്കണത്തില്‍ നിന്നാണ് ജഡ്ജിയെ എഫ്ബിഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി. ജഡ്ജിക്ക് ഫെഡറല്‍ കോടതി ജാമ്യം അനുവദിച്ചു.
കുടിയേറ്റ വിരുദ്ധ പോലിസിനെ തെറ്റിധരിപ്പിച്ചതിനാണ് ജഡ്ജിയെ അറസ്റ്റ് ചെയ്തതെന്ന് ഇന്ത്യന്‍ വംശജനായ എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു. ട്രംപ് അധികാരത്തില്‍ എത്തിയ ശേഷം നടപ്പാക്കുന്ന കുടിയേറ്റ വിരുദ്ധ നടപടികള്‍ക്കെതിരെ ജഡ്ജിമാര്‍ക്ക് കടുത്ത വിയോജിപ്പുണ്ട്. യുഎസ് ഭരണഘടന പോലും ലംഘിച്ചാണ് നിരവധി പേരെ നാടുകടത്തിയത്. ആളു തെറ്റി നാടുകടത്തിയവരെ പോലും തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ സമ്മതിക്കാത്തതും ജഡ്ജിമാരില്‍ പ്രതിഷേധമുണ്ടാക്കി. കൂടാതെ കോടതി വിധികള്‍ ലംഘിച്ചും നിരവധി പേരെ നാടുകടത്തുകയുണ്ടായി.