ജഡ്ജിയെ അറസ്റ്റ് ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍; നിയമവിരുദ്ധമെന്ന് മുന്‍ അറ്റോണി ജനറല്‍

വാഷിങ്ടണ്‍: യുഎസ് കുടിയേറ്റ വിരുദ്ധ പോലിസിന്റെ പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ യുവാവിനെ സഹായിച്ചെന്നാരോപിച്ച് ജഡ്ജിയെ അറസ്റ്റ് ചെയ്തതിന്റെ ചിത്രം പങ്കുവച്ച ഇന്ത്യന്‍ വംശജനായ എഫ് ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിന്റെ നടപടി വിവാദമാവുന്നു. യുഎസ് നീതിന്യായ വകുപ്പിന്റെ ചട്ടത്തിന് വിരുദ്ധമായാണ് കാഷ് പട്ടേല്‍ ചിത്രം പോസ്റ്റ് ചെയ്തതെന്ന് മുന്‍ അറ്റോണി ജനറല്‍ എറിക് ഹോള്‍ഡര്‍ പറഞ്ഞു.
വിസ്‌കോന്‍സിന്‍ സംസ്ഥാനത്തെ മില്‍വാക്കീ കൗണ്ടി സര്‍ക്യൂട്ട് ജഡ്ജി ഹന്ന ദുഗനെയാണ് എഫ്ബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കുടിയേറ്റവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഹാജരാവാന്‍ എത്തിയ യുവാവിനെയും അയാളുടെ അഭിഭാഷകനെയും ജഡ്ജി പോലിസില്‍ നിന്നും രക്ഷിച്ചുവെന്നായിരുന്നു ആരോപണം.ഇതിന് ശേഷമാണ് ഹന്നയെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുന്ന ചിത്രം കാഷ് പട്ടേല്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ഇത്തരത്തില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് 2013 മുതല്‍ നിയമവിരുദ്ധമാണ്. ഒരു കേസില്‍ അറസ്റ്റ് ചെയ്യുന്ന ആരോപണ വിധേയരായവരുടെ ചിത്രങ്ങള്‍ എഫ്ബിഐ സ്വയം പുറത്തുവിടരുതെന്നാണ് ചട്ടം. ഇത്തരത്തില്‍ ചിത്രം പുറത്തുവിടുന്നത് ആരോപണ വിധേയരുടെ അവകാശങ്ങള്‍ ഹനിക്കുമെന്നാണ് വിലയിരുത്തല്‍. ഇതോടെ കാഷ് പട്ടേലിനെ എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി വരുകയാണ്. യുഎസിന്റെ യെമന്‍ ആക്രമണ വിവരങ്ങള്‍ നാടുമുഴുവന്‍ പങ്കുവച്ച പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നടപടി യുഎസിന് തലവേദനയായതിന് പിന്നാലെയാണ് പുതിയ വിവാദം.ജഡ്ജിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് യുഎസില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. കാഷ് പട്ടേലിനെതിരെ നിയമനടപടിയുണ്ടാവാനും സാധ്യതയുണ്ട്.
