ജസ്റ്റിസ് കൗശിക് ചന്ദയ്ക്ക് ബിജെപി ബന്ധം ഉണ്ടെന്ന ആരോപണം; മമതാ ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ
കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദയെ നീക്കണമെന്ന് നേരത്തേ ടിഎംസി ആവശ്യം ഉന്നയിച്ചിരുന്നു. ജസ്റ്റിസ് ചന്ദയെ പലപ്പോഴും ബിജെപി നേതാക്കളുമായി കണ്ടിട്ടുണ്ടെന്നും ചന്ദയുടെ ബെഞ്ചില്‍ നിന്ന് കേസ് കൈമാറണമെന്നും മമത ബാനര്‍ജിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.
ന്യൂഡല്‍ഹി: നന്ദിഗ്രാം തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി ജഡ്ജിക്കെതിരേ ആരോപണം ഉന്നയിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി കൊല്‍ക്കൊത്ത ഹൈക്കോടതി. നന്ദിഗ്രാം തെരഞ്ഞെടുപ്പു കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നടപടി. കേസ് പരിഗണിക്കുന്ന ജസ്റ്റിസ് കൗശിക് ചന്ദക്ക് ബിജെപി ബന്ധമുണ്ടെന്നായിരുന്നു മമതയുടെ ആരോപണം. മമത ജുഡീഷ്യറിയെ പൊതുസമൂഹത്തില്‍ ഇകഴ്ത്തിക്കാട്ടിയതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് കേള്‍ക്കുന്നതില്‍ നിന്ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗശിക് ചന്ദ പിന്മാറുകയും ചെയ്തു.
ജുഡീഷ്യറിയെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നതാണ് മമതയുടെ നടപടിയെന്ന് ജസ്റ്റിസ് പറഞ്ഞു. അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച ജഡ്ജി കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറുകയാണെന്നും അറിയിച്ചു. കൊവിഡ് 19 ബാധിച്ച അഭിഭാഷകരുടെ കുടുംബങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
നന്ദിഗ്രാമില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദയെ നീക്കണമെന്ന് നേരത്തേ ടിഎംസി ആവശ്യം ഉന്നയിച്ചിരുന്നു. ജസ്റ്റിസ് ചന്ദയെ പലപ്പോഴും ബിജെപി നേതാക്കളുമായി കണ്ടിട്ടുണ്ടെന്നും ചന്ദയുടെ ബെഞ്ചില്‍ നിന്ന് കേസ് കൈമാറണമെന്നും മമത ബാനര്‍ജിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.
തന്റെ ഹരജി മറ്റൊരു ബെഞ്ചിന് റീഅസൈന്‍ ചെയ്യണമെന്നും മമത ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി എന്ന നിലയില്‍ ജൂണ്‍ 16ന് കൊല്‍ക്കൊത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ജസ്റ്റിസ് കൗശിക് ചന്ദയ്ക്ക് നേരത്തെ ബിജെപി ബന്ധുണ്ടായിരുന്നത് കൊണ്ട് വിധിയില്‍ മുന്‍വിധി ഉണ്ടാകാന്‍ കാരണമായേക്കും എന്നായിരുന്നു മമത ചൂണ്ടിക്കാട്ടിയത്.