പരസ്യമായ അഭിപ്രായപ്രകടനം ശരിയല്ല; കെ എം ഷാജിയോട് വിശദീകരണം തേടുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

Update: 2022-09-16 16:08 GMT

മലപ്പുറം: പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ പൊതുവേദിയില്‍ പറഞ്ഞ കെ എം ഷാജിയോട് വിശദീകരണം തേടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. പരസ്യമായ അഭിപ്രായ പ്രകടനം ശരിയല്ല. വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടി വേദികളിലാണ്. ഷാജി വിദേശത്തുനിന്ന് എത്തിയാലുടന്‍ ഇതെക്കുറിച്ച് നേതൃത്വം സംസാരിക്കും. പ്രവര്‍ത്തകസമിതി യോഗത്തില്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്.

യോഗത്തിനുശേഷം ഷാജി തന്നെ വിളിച്ചിട്ടില്ലെന്നും നാട്ടിലെത്തിയാല്‍ അങ്ങോട്ട് ഫോണ്‍ വിളിക്കാനിരിക്കുകയാണെന്നും ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തക സമിതിക്ക് ശേഷം തന്നെ വിളിച്ചിരുന്നുവെന്ന ഷാജിയുടെ പരാമര്‍ശം തള്ളിയായിരുന്നു തങ്ങളുടെ പ്രതികരണം. ലീഗിലെ ഒരുവിഭാഗത്തെ പരോക്ഷമായി ലക്ഷ്യമിട്ട് ഷാജി പ്രസംഗിക്കുന്നതായി ലീഗ് പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശനമുണ്ടായിരുന്നു. ഇതിന് ശേഷം ഗള്‍ഫില്‍ നടന്ന പരിപാടിയിലും ഷാജി ഇത്തരം പ്രസംഗം തുടര്‍ന്നിരുന്നു. പാര്‍ട്ടി നേതൃത്വം നേതാക്കളെ തിരുത്തുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു ഷാജിയുടെ ചോദ്യം. അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണെന്നും എന്തുവിമര്‍ശനമുണ്ടായാലും ശത്രുപാളയത്തില്‍ പോകില്ലെന്നും ഷാജി മസ്‌ക്കത്തിലെ ഒരു പരിപാടിക്കിടെ വ്യക്തമാക്കി.

തനിക്കെതിരേ കാര്യമായ വിമര്‍ശനമുണ്ടായിട്ടില്ലെന്ന് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ്, വിമര്‍ശിച്ചാലും അതിലെന്താണ് തെറ്റെന്ന് ഷാജി ചോദിച്ചത്. അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണ്. അത്തരം ഭിന്നതകള്‍ യഥാസമയം പരിഹരിച്ച് മുന്നോട്ടുപോവും. അതിനെ തര്‍ക്കമായി കാണാനാവില്ല.

നേതൃത്വം ഒന്നടങ്കം വിമര്‍ശനമുണ്ടായില്ലെന്ന് ആവര്‍ത്തിക്കുമ്പോഴാണ് വിമര്‍ശനമുണ്ടായെന്ന് ഷാജി വെളിപ്പെടുത്തിയത്. ഇന്ന് പാര്‍ട്ടി പരിപാടിയില്‍ ഷാജിക്കെതിരേ പരോക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പ്രസംഗിച്ചിരുന്നു. മുസ്‌ലിം ലീഗ് ഒരു വലിയ വടവൃക്ഷമാണെന്നും അതിന്റെ കൊമ്പില്‍ വീഴുന്നവര്‍ക്ക് മാത്രമാണ് പരിക്കേല്‍ക്കുകയെന്നും പി കെ ഫിറോസ് പരിപാടിയില്‍ പറഞ്ഞത്.

Tags:    

Similar News