പൗരസ്വാതന്ത്ര്യം നിഷേധിക്കുന്ന പോലിസ് നടപടി ജനാധിപത്യവിരുദ്ധം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
ആലപ്പുഴ: പൗരബോധത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും നിഷേധിക്കുന്ന പോലിസ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഒരു സമൂഹത്തിന്റെ പൗരാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും പക്ഷപാതപരമായി നിഷേധിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിനിര്‍വഹണവും നിയമപരിരക്ഷയും പക്ഷപാതരഹിതമാവാന്‍ ഭരണകൂടം ശ്രദ്ധിക്കേണ്ടതുണ്ട്. നീതിനിഷേധത്തെ മറികടക്കാന്‍ ജനാധിപത്യ മാര്‍ഗങ്ങളിലൂടെയുള്ള ശക്തമായ പോരാട്ടം തുടരുക തന്നെ ചെയ്യും.
ഫാഷിസ്റ്റ് ഭീതിയെ ഭേദിക്കാന്‍ പൗരബോധത്തിന് സാധിക്കണം. ഫാഷിസ്റ്റ് ഭീകരതയില്‍നിന്ന് രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ ബൗദ്ധിക സെമിനാര്‍ കൊണ്ട് പരിഹരിക്കാവുന്നതല്ല. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും മാനുഷിക മൂല്യങ്ങളും തകര്‍ത്തെറിഞ്ഞ് ഏകമതാധിഷ്ടിത രാഷ്ട്രം കെട്ടിപ്പടുക്കാനാണ് ഫാഷിസം ശ്രമിക്കുന്നത്. അതിനെതിരേ നമ്മുടെ ഭരണഘടനയും പൗരസ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുന്നതിന് ശ്രമിച്ചു എന്ന കുറ്റമാണ് ഷാന്‍ ചെയ്തത്. അതിനാണ് സമാധാനത്തിന്റെയും സാമൂഹിക നീതിയുടെയും മനുഷ്യത്വത്തിന്റെയും ശത്രുക്കള്‍ അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത്. എക്കാലത്തെയും സാമൂഹിക ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഷാന്‍ പ്രചോദനവും വഴികാട്ടിയുമായിരിക്കുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഓര്‍മപ്പെടുത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അനുസ്മരണം പ്രഭാഷണം നടത്തി. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. വിന്‍സെന്റ് ജോസഫ്, മുല്ലാത്ത് വളപ്പ് ചീഫ് ഇമാം അന്‍സാരി സുഹ്‌രി ആലപ്പുഴ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സലീം മുല്ലാത്ത്, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി അഡ്വ. പി എം മുഹമ്മദ് രിഫ, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മാഈല്‍, എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ധീന്‍, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിമാരായ പി ആര്‍ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ, എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ റിയാസ് സംസാരിച്ചു.