കന്നിയാത്രയിൽ അപകടത്തിൽപ്പെട്ട് കെ-സ്വിഫ്റ്റ് ബസ്; ദുരൂഹതയെന്ന് കെഎസ്ആർടിസി
അതേസമയം കെ സ്വിഫ്റ്റ് ബസ് ആദ്യ യാത്രയിൽ തന്നെ അപകടത്തിൽപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ആരോപിച്ചു.
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ കെ-സ്വിഫ്റ്റ് ബസ് കന്നിയാത്രയിൽ തന്നെ അപകടത്തിൽപ്പെട്ടു. ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത ശേഷം തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ സെമി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. കല്ലമ്പലത്തും കോഴിക്കോട് ബസ് സ്റ്റാൻഡിൽ വച്ചുമാണ് ബസ് അപകടത്തിൽപ്പെട്ടത്.
കല്ലമ്പലത്ത് വെച്ച് ബസിന് എതിരെ വന്ന ലോറിയിൽ ഉരസിയാണ് ആദ്യ അപകടം. അപകടത്തിൽ ബസിന്റെ 35000 രൂപയോളം വിലയുള്ള സൈഡ് മിറർ ഇളകിപ്പോയി. തുടര്‍ന്ന് അടുത്തുള്ള വർക്ക്‌ഷോപ്പിൽ നിന്ന് കെഎസ്ആര്‍ടിസിയുടെ തന്നെ മറ്റൊരു മിറര്‍ ഘടിപ്പിച്ച ശേഷമാണ് യാത്ര പുനരാരംഭിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല. കോഴിക്കോട് മറ്റൊരു വാഹനത്തിൽ ഉരസി വാഹനത്തിന്റെ ഇൻഡിക്കേറ്റർ ഭഗത്ത് കേടുപാടുണ്ടാവുകയും പെയിന്റ് ഇളകുകയും ചെയ്‌തെന്നാണ് വിവരം.
അതേസമയം കെ സ്വിഫ്റ്റ് ബസ് ആദ്യ യാത്രയിൽ തന്നെ അപകടത്തിൽപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ആരോപിച്ചു. പുതിയ ബസുകൾ ഇറങ്ങുമ്പോൾ അപകടം പതിവാകുന്നു. പിന്നിൽ സ്വകാര്യലോബിയുണ്ടോ എന്ന് പരിശോധിക്കണമെന്നും ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകുമെന്നും സിഎംഡി ആവശ്യപ്പെട്ടു.
ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് സ്വിഫ്റ്റ്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കിയിരിക്കുന്നത്, ഇതില്‍ എട്ട് എസി സ്ളീപ്പറുകളും, 20 എസി സെമി സ്ളീപ്പറുകളും ഉള്‍പ്പെടുന്നു.