ഹിജ്‌റ പുതുവര്‍ഷാരംഭം; കഅ്ബയില്‍ ഇന്ന് പുതിയ കിസ് വ അണിയിക്കും

Update: 2023-07-19 06:10 GMT

മക്ക: ഹിജ്‌റ കലണ്ടര്‍ പ്രകാരമുള്ള പുതിയ വര്‍ഷാരംഭത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി മക്കയിലെ വിശുദ്ധ കഅ്ബയില്‍ ഇന്ന് പുതിയ കിസ് വ(പുടവ) അണിയിക്കും. ഇതിനു വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഫാക്ടറിയില്‍നിന്ന് പുതിയ കിസ്‌വ മസ്ജിദുല്‍ ഹറാമിലെത്തിക്കുന്നതിനുള്ള ഒരുക്കം ഇരുഹറം കാര്യാലയത്തിന് കീഴിലെ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്‌സ് സേവന വകുപ്പും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കിസ്‌വ മാറ്റുന്നതിന് 15 ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കിയിട്ടുള്ളത്. കിസ്‌വ മാറ്റുന്നതിനുള്ള പരിശീലന സെഷനുകള്‍ നടത്തുകയും വിദഗ്ധ ഉപകരണങ്ങള്‍ തയ്യാറാക്കിയതായും മക്ക ഗ്രാന്‍ഡ് മോസ്‌കിലെ കിസ്‌വയുടെ പരിപാലനത്തിനായുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ മേധാവി ഫഹദ് അല്‍ജാബ്രി പറഞ്ഞു. ഏഴ് ക്രെയിനുകളുടെ സഹായത്തോടെ കിസ്‌വ മാറ്റുന്നതിന്റെ വിവിധ ഘട്ടങ്ങളും 15 പേരടങ്ങുന്ന ടീമിനെ പരിചയപ്പെടുത്താനാണ് പരിശീലന സെഷനുകള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

    പ്രത്യേക ട്രക്കിലാണ് കിസ്‌വ എത്തിക്കുക. ട്രക്ക് പൂര്‍ണമായും അണുമുക്തമാക്കിയിട്ടുണ്ട്. കിസ്‌വ കൊണ്ടുപോവുന്നതിനിടയില്‍ അതിനെ സംരക്ഷിക്കാനും കീറുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യാതിരിക്കാനും എല്ലാവിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയിലാണ് പുതിയ കിസ്‌വ മക്ക ഹറമിലെത്തിക്കുക. പ്രധാന വാഹനത്തിനൊപ്പം അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാന്‍ മറ്റൊരു വാഹനവും ഒരു മൊബൈല്‍ വര്‍ക്‌ഷോപ്പും കൂടെയുണ്ടാവും. കിങ് അബ്ദുല്‍ അസീസ് കിസ്‌വ സമുച്ചയത്തില്‍നിന്ന് വിദഗ്ധരെയും തയ്യല്‍ക്കാരെയും ഹറമിലേക്ക് കൊണ്ടുപോവാന്‍ രണ്ട് ബസ്സുകളും കിസ്‌വ കമ്മിറ്റിയെ കൊണ്ടുപോവാന്‍ കാറുകളും ഒരുക്കിയിട്ടുണ്ട്.

Tags:    

Similar News