ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക കൊന്ന് തള്ളിയത് പിഞ്ചു പൈതങ്ങളെ; പ്രതിഷേധച്ചൂടില്‍ അഫ്ഗാനിസ്താന്‍
ഖുറാസാന്‍ പ്രവിശ്യയിലെ ഇസ്‌ലാമിക് സ്‌റ്റേറ്റിനെ (ഐഎസ്‌കെപി/ഐസിസ്-കെ) ലക്ഷ്യമിട്ട് നടത്തിയതെന്ന് യുഎസ് അവകാശപ്പെട്ട ഞായറാഴ്ച ഉച്ചതിരിഞ്ഞുള്ള ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പത്തു പേരും രണ്ടിനും 40 നും ഇടയിലുള്ള നിഷ്‌ക്കളങ്കരും നിസ്സഹായരുമായ അഫ്ഗാനികളായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.
കാബൂള്‍: അമേരിക്കയിലേക്ക് കുടിയേറാന്‍ തങ്ങളുടെ സാധന സാമഗ്രികളെല്ലാം പാക്ക് ചെയ്ത് കാബൂള്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ ഒരുക്കത്തിലായിരുന്നു അഹ്മദി, നെജറാബി കുടുംബങ്ങള്‍.സുരക്ഷാ അകമ്പടിയുമായി ബന്ധപ്പെട്ട സന്ദേശത്തിന് കാത്തിരുന്ന അവരിലേക്ക് യുഎസ് അയച്ചത് ഒരു റോക്കറ്റ് ആയിരുന്നു.
ഖുറാസാന്‍ പ്രവിശ്യയിലെ ഇസ്‌ലാമിക് സ്‌റ്റേറ്റിനെ (ഐഎസ്‌കെപി/ഐസിസ്-കെ) ലക്ഷ്യമിട്ട് നടത്തിയതെന്ന് യുഎസ് അവകാശപ്പെട്ട ഞായറാഴ്ച ഉച്ചതിരിഞ്ഞുള്ള ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പത്തു പേരും രണ്ടിനും 40 നും ഇടയിലുള്ള നിഷ്‌ക്കളങ്കരും നിസ്സഹായരുമായ അഫ്ഗാനികളായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.
തന്റെ സഹോദരനും അനന്തരവളും മരുമക്കളേയും പാശ്ചാത്യ മാധ്യമങ്ങള്‍ കണ്ണടച്ച് തുറക്കുമ്പോഴേക്ക് 'ഭീകരരാക്കി' മാറ്റിയതില്‍ ഞെട്ടിയിരിക്കുകയാണ് അയല്‍പക്കത്തെ മറ്റുള്ളവരെ പോലെ അയ്മല്‍ അഹ്മദിയും. തങ്ങളുടെ പ്രിയപ്പെട്ടവരെ മണിക്കൂറുകളോളം അഫ്ഗാന്‍, അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഐസിസ് ആക്കി പരാമര്‍ശിച്ചതില്‍ ക്ഷുഭിതരാണ് മരണത്തില്‍നിന്നു കഷ്ടിച്ച് രക്ഷപ്പെട്ട കുടുംബാംഗങ്ങള്‍.
രണ്ടു വയസ്സുകാരി മലിക ഉള്‍പ്പടെയുള്ളവര്‍ നിരപരാധികളും നിസ്സഹായരുമായ കുട്ടികളായിരുന്നു-അഹമ്മദി പറയുന്നു. പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ അദ്ദേഹം പുറത്തുപോയിരുന്നില്ലെങ്കില്‍, അഹമ്മദിക്കും വളരെ എളുപ്പത്തില്‍ ഇരകളില്‍ ഒരാളാകാമായിരുന്നു.
'തന്റെ സഹോദരന്‍ 40 കാരനായ എഞ്ചിനീയര്‍ സെമറായി ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു. കുടുംബങ്ങള്‍ യുഎസിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നതിനാല്‍, സെമറായി തന്റെ ഒരു മകനോട് രണ്ട് നിലകളുള്ള വീടിനുള്ളില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. തന്റെ മുതിര്‍ന്ന ആണ്‍കുട്ടികള്‍ യുഎസില്‍ എത്തുന്നതിന് മുമ്പ് ഡ്രൈവിങ് പരിശീലിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
'തെരുവില്‍ നിന്ന് കുടുംബ വീട്ടിലെ പൂന്തോട്ടത്തിലേക്കുള്ള ചെറിയ യാത്രയ്ക്കായി കുട്ടികളൊക്കെയും കാറില്‍ കയറുകയായിരുന്നു. നിര്‍ത്താനൊരുങ്ങുന്നതിനിടെ കാറില്‍ റോക്കറ്റ് വന്ന് പതിച്ചു'- രക്തംപുരണ്ട ചുമരുകള്‍ ചൂണ്ടിക്കാട്ടി ഐമല്‍ അല്‍ ജസീറയോട് പറഞ്ഞു.
'കൊച്ചുകുട്ടികളും പെണ്‍കുട്ടികളും ഓടിച്ചാടി നടന്ന വീട് ഒരു 'ഭീകര ദൃശ്യമായി' മാറി. ചുവരുകളില്‍ പറ്റിപ്പിടിച്ച മനുഷ്യ മാംസം അവര്‍ വിവരിച്ചു. അസ്ഥികള്‍ കുറ്റിക്കാട്ടില്‍ വീണു. ചുവരുകളില്‍ രക്തം പുരണ്ടിരിക്കുന്നു. എല്ലായിടത്തും തകര്‍ന്ന ഗ്ലാസ്'.-അയല്‍വാസികള്‍ അല്‍ ജസീറയോട് വിവരിച്ചു.
'തങ്ങള്‍ക്ക് അവന്റെ കാലുകള്‍ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ ഇളയ ആണ്‍കുട്ടികളില്‍ ഒരാളായ ഫര്‍സാദിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അയല്‍ക്കാരന്‍ പറഞ്ഞു.