കഫീല്‍ ഖാനും പായല്‍ തദ് വിയും നിങ്ങളുടെ കൂട്ടത്തിലല്ലെ ? ഡോക്ടർമാരുടെ സമരം രാഷ്ട്രീയപരമെന്ന്

ബം​ഗാളിലെ സമരം രാജ്യവ്യാപകമാക്കിയതിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്നാണ് കരുതുന്നത്. പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയെ മുട്ടുകുത്തിക്കാനുള്ള ശ്രമമായാണ് ഡോ​ക്ടർമാരുടെ സമരത്തിനെ കാണുന്നതെന്നും സോഷ്യൽമീഡിയയിൽ ചർച്ച തുടങ്ങിയിട്ടുണ്ട്.

Update: 2019-06-15 11:49 GMT

ന്യൂഡൽഹി: കൊല്‍ക്കത്തയില്‍ ചികില്‍സയ്ക്കിടെ രോഗി മരിച്ചതിനെത്തുടര്‍ന്ന് ഡോക്ടറെ ബന്ധുക്കള്‍ ആക്രമിച്ചതിന്റെ പേരില്‍ രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനംചെയ്ത ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎയുടെ നടപടി ഇരട്ടത്താപ്പെന്ന് വിമർശനമുയരുന്നു.

മുമ്പ് ഡോക്ടര്‍മാര്‍ ഇത്തരം അതിക്രമങ്ങള്‍ നേരിട്ട സമയത്ത് ഇതിനെതിരെ പ്രതികരിക്കാതിരുന്ന ഐഎംഎ ഇത്തവണ ഇത്തരമൊരു സമരപരിപാടിയിലേക്ക് നീങ്ങിയതിനു പിന്നില്‍ രാഷ്ട്രീയമായ ലക്ഷ്യങ്ങളുണ്ടെന്നാണ് വിമര്‍ശനം. യുപിയില്‍ ഗോരഖ്പൂരിലെ ശിശുമരണത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ഡോ. കഫീല്‍ ഖാനെതിരെ സര്‍ക്കാര്‍ പ്രതികാര നടപടിയുമായി നീങ്ങിയപ്പോള്‍ ഐഎംഎ പ്രതിഷേധിച്ചിരുന്നില്ല. 2017 ഓഗസ്റ്റ് മുതല്‍ 2018 ഏപ്രില്‍ വരെ കഫീല്‍ ഖാന് ജയിലില്‍ കഴിയേണ്ടിയും വന്നിരുന്നു.

അതേസമയം, പണിമുടക്കുന്ന ഐഎംഎ നടപടിയെ വിമർശിച്ച് ഡോ. കഫീൽഖാൻ രം​ഗത്തെത്തി. എനിക്കു വേണ്ടിയും ഒരു പ്രസ്താവന ഇറക്കൂവെന്നും ഞാനും നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടയാളാണെന്നും കഫീല്‍ ഖാന്‍ ട്വിറ്ററിൽ കുറിച്ചു. ഡിയര്‍ ഐഎംഎ, എനിക്ക് അലവന്‍സ് നല്‍കാനും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും സുപ്രിംകോടതിയുടെ ഉത്തരവിട്ടിട്ടും രണ്ടുവര്‍ഷമായി ഞാന്‍ ഓരോ ഓഫിസുകളിലും കയറിയിറങ്ങുകയാണ്. എനിക്കുവേണ്ടിയും ഒരു പ്രസ്താവന ഇറക്കൂ. ഞാനും നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണ്. എനിക്കും കുടുംബമുണ്ട്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

2017ല്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍പ്പെട്ട ഘോരഖ്പൂര്‍ ബിആര്‍ഡി ഗവ.മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 70 കുട്ടികള്‍ മരിച്ച സംഭവത്തോടെയാണ് കഫീല്‍ ഖാന് മാധ്യമശ്രദ്ധ ലഭിച്ചത്. കഫീല്‍ ഖാന്‍ സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കി പുറത്തുനിന്ന് ഓക്‌സിജന്‍ സിലണ്ടര്‍ എത്തിച്ചാണ് ബാക്കിയുള്ളവരുടെ ജീവന്‍ രക്ഷിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഓക്‌സിജന്‍ വിതരണംചെയ്യുന്ന ഏജന്‍സിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന ഖാന്റെ വെളിപ്പെടുത്തല്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിനെ ചൊടുപ്പിച്ചിരുന്നു. ഇതോടെ ഖാനെതിരെ പ്രതികാര നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയും അദ്ദേഹത്തെ അറസ്റ്റ്‌ചെയ്യുകയുമായിരുന്നു. ഖാനെതിരെയുള്ളത് കള്ളക്കേസാണെന്നു വ്യക്തമാക്കി അടുത്തിടെ അദ്ദേഹത്തെ ഹൈക്കോടതി വെറുതെവിടുകയുണ്ടായി.

കൂടാതെ മുംബൈയിലെ ബിവൈഎല്‍ നായര്‍ ആശുപത്രിയില്‍ സഹപ്രവര്‍ത്തകരുടെ ജാതീയ അധിക്ഷേപത്തില്‍ മനംനൊന്ത് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഡോക്ടര്‍ പായല്‍ തദ് വി ആത്മഹത്യ ചെയ്തവേളയിലും ഐഎംഎ ഇതിനെതിരെ പ്രതിഷേധിച്ചില്ലെന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്.

അതേസമയം, ബം​ഗാളിലെ സമരം രാജ്യവ്യാപകമാക്കിയതിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്നാണ് കരുതുന്നത്. പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയെ മുട്ടുകുത്തിക്കാനുള്ള ശ്രമമായാണ് ഡോ​ക്ടർമാരുടെ സമരത്തിനെ കാണുന്നതെന്നും സോഷ്യൽമീഡിയയിൽ ചർച്ച തുടങ്ങിയിട്ടുണ്ട്. ഡോക്ടർമാരുടെ സുരക്ഷ കണക്കിലെടുത്ത് പ്രശ്നത്തിൽ കേന്ദ്രം ഇപ്പോൾ ഇടപെട്ടിട്ടുണ്ട്. ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മതിയായ സുരക്ഷ നല്‍കണം. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി വേണമെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയിച്ചിട്ടുണ്ട്.

അതേസമയം, സമരത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് മമത ആരോപിക്കുമ്പോഴും മമത തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് ഡോക്​ടര്‍മാരുടെ തീരുമാനം.


Similar News