കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: മുഴുവന്‍ പ്രതികളും പിടിയിലാവും വരെ പോരാടുമെന്ന് പി കെ ഫിറോസ്

Update: 2024-08-14 12:15 GMT

കോഴിക്കോട്: എംഎസ്എഫ് നേതാവ് കാസിമിന്റെ പേരില്‍ വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ ഗൂഢാലോചന അന്വേഷിച്ചാല്‍ സിപിഎം നേതാക്കള്‍ പ്രതികളാവുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. മുസ്‌ലിം ലീഗിന്റെ നിരന്തരമായ നിയമ പോരാട്ടത്തിനൊടുവില്‍ ഗത്യന്തരമില്ലാതെ പോലിസ് ഏതാനും സിപിഎം പ്രവര്‍ത്തകരുടെ പേര് മാത്രം കോടതിയില്‍ സമര്‍പ്പിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ആദ്യം ഈ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് ആണെന്നാണ് പോലിസ് കണ്ടെത്തിയത്. എന്നാല്‍ റിബേഷ് ഒറ്റയ്ക്കാണ് ഇത് നിര്‍മിച്ചതെന്ന് വിശ്വസിക്കാനാവില്ല. കാരണം മുഹമ്മദ് കാസിമിന്റെ പേരിലാണ് വ്യാജ സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കിയത്. എന്നാല്‍ കാസിമും റിബേഷും തമ്മില്‍ മുന്‍ പരിചയമോ നാട്ടുകാരോ അല്ലെന്നിരിക്കെ ഇതിന് പിന്നില്‍ മറ്റുള്ളവര്‍ക്ക് പങ്കുണ്ടെന്ന് ഉറപ്പാണ്. മാത്രവുമല്ല മിനുറ്റുകള്‍ക്കുള്ളില്‍ സിപിഎം നേതാക്കളും മുന്‍ എംഎല്‍എ കെ കെ ലതികയും സിപിഎം സൈബര്‍ പോരാളികളും ഇത് വ്യാപകമായ രീതിയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഇതിനാല്‍ പാര്‍ട്ടിയുടെ അറിവോടെയാണ് വ്യാജ സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചതെന്ന് വ്യക്തമാണ്. എന്നാല്‍ ഈ നിമിഷം വരെ റിബേഷിനെതിരെയോ സിപിഎം സോഷ്യല്‍ മീഡിയ അഡ്മിന്‍മാര്‍ക്കെതിരെയോ 153 (എ) പ്രകാരമോ വ്യാജ രേഖ ചമച്ചതിനോ പോലിസ് കുറ്റം ചുമത്തിയിട്ടില്ല. സിപിഎം നേതാക്കളുടെ ഒത്താശയോടെ പോലിസ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നത് വരെ നിയമപോരാട്ടത്തിനും രാഷ്ട്രീയ പോരാട്ടത്തിനും യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും ഫിറോസ് വ്യക്തമാക്കി.

Tags:    

Similar News