വിദ്യാര്‍ഥിനിയോട് അശ്ലീല ചുവയോടെ സംസാരിച്ച കാലടി സര്‍വ്വകലാശാല അധ്യാപകനെ സസ്‌പെന്റ് ചെയ്തു

അധ്യാപകനെതിരേ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥിനി ഇന്നലെ വിസിയുടെ ഓഫിസിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു

Update: 2021-12-23 11:47 GMT

കൊച്ചി: വിദ്യാര്‍ഥിനിയോട് അശ്ലീല ചുവയോടെ സംസാരിച്ച കാലടി സര്‍വ്വകലാശാലയിലെ സംസ്‌കൃത വിഭാഗം അധ്യാപകന്‍ ഡോ. എം അഷ്‌റഫിനെ സസ്‌പെന്റ് ചെയ്തു. അധ്യാപകനില്‍ നിന്ന് ക്ഷമാപണം എഴുതി വാങ്ങാനും കാംപസിലെ പ്രധാന ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താനും സര്‍വ്വകലാശാല ഉത്തരവിട്ടു. അധ്യാപകനെതിരേ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥിനി ഇന്നലെ വിസിയുടെ ഓഫിസിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ നവംബര്‍ 30 ന് സര്‍വ്വകലാശാല കാംപസില്‍ വെച്ച് സംസ്‌കൃത വിഭാഗം അധ്യാപകനായ എം അഷ്‌റഫ് അശ്ലീല ചുവയോടെ സംസാരിക്കുകയും ആംഗ്യം കാണിക്കുകയും ചെയ്‌തെന്നാണ് ഗവേഷകയായ രൂപിമയുടെ പരാതി. ഇക്കാര്യം കാണിച്ച് കാംപസ് ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിച്ച കമ്മിറ്റി അധ്യാപകനെതിരേ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്ത് വിസിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ അധ്യാപകന് എതിരെ നടപടി വൈകിയതോടെ ഇന്നലെ വിദ്യാര്‍ഥിനി പ്രതിഷേധവുമായി എത്തുകയായിരുന്നു. സര്‍വ്വകലാശാലയില്‍ സ്ഥിരം വിസി ഇല്ലാത്തതിനാലാണ് നടപടിയെടുക്കുന്നതില്‍ കാല താമസമുണ്ടാകുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

Tags:    

Similar News