കളമശ്ശേരി സ്‌ഫോടന പരമ്പര: മാര്‍ട്ടിന്‍ മുമ്പും പരീക്ഷണ സ്‌ഫോടനങ്ങള്‍ നടത്തിയെന്ന് പോലിസ്
കൊച്ചി: അഞ്ചുപേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ കളമശ്ശേരി സ്‌ഫോടന പരമ്പരയിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തേയും പരീക്ഷണ സ്‌ഫോടനങ്ങള്‍ നടത്തിയതായി പോലിസിന്റെ കണ്ടെത്തല്‍. പരീക്ഷണ സ്‌ഫോടനം നടത്താന്‍ ഐഇഡി ആണ് തിരഞ്ഞെടുത്തതെന്നും ഇവയുടെ പ്രവര്‍ത്തനം അറിയാന്‍ പലതവണ പലയിടങ്ങളിലായി ശേഷി കുറഞ്ഞ ചെറു സ്‌ഫോടനങ്ങളാണ് പരീക്ഷിച്ചതെന്നും അന്വേഷണസംഘം വ്യക്തമാക്കി. പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ആളപായം ഉണ്ടാക്കുംവിധം ബോംബുകള്‍ നിര്‍മിച്ച് കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കണ്‍വന്‍ഷന്‍ സെന്ററില്‍ സ്ഥാപിച്ചതെന്ന് പ്രതി മൊഴി നല്‍കിയതായും പോലിസ് പറയുന്നു.
ഇന്റര്‍നെറ്റ് വഴിയാണ് ബോംബ് ഉണ്ടാക്കാന്‍ പഠിച്ചതെന്നാണ് മാര്‍ട്ടിന്‍ നല്‍കിയ മൊഴി. എന്നാല്‍, ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന കാര്യം കണ്ടെത്താന് സഹായിക്കുന്ന യാതൊരു സൂചനയും മാര്‍ട്ടിന്‍ നല്‍കിയിട്ടില്ല. ബോംബ് ഉണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ പ്രതിയുടെ അത്താണിയിലെ ഫ്‌ലാറ്റില്‍ നിന്ന് കണ്ടെടുത്തിരുന്നു. സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് കൊടകര പോലിസ് കസ്റ്റഡിയിലെടുത്തിരുന്ന, മാര്‍ട്ടിന്റെ സ്‌കൂട്ടറില്‍ നിന്ന് സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചതെന്ന് പറയുന്ന റിമോട്ടുകളും കണ്ടെടുത്തിരുന്നു. ബോംബ് നിര്‍മിക്കാന്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയ പാലാരിവട്ടത്തെ കടകളിലും തെളിവെടുത്തിരുന്നു. ഞായറാഴ്ച ഡിസിപി എസ് ശശിധരന്റെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി. പ്രതി പെട്രോള്‍ വാങ്ങിയ പമ്പുകളില്‍ ഉള്‍പ്പെടെ എത്തിച്ച് ഇന്നും തെളിവെടുപ്പ് തുടരും.