കമല ഹാരിസിന്റെ പ്രസ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജക്ക് നിയമനം

ലോസ് ആഞ്ചലസില്‍ താമസിക്കുന്ന സബ്രിന സിങ് നേരത്തെ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയിടെ വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Update: 2020-08-17 08:44 GMT

വാഷിംഗ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസിന്റെ പ്രസ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജ സബ്രിന സിങിനെ നിയമ്മിച്ചു. ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പ്രസ് സെക്രട്ടറിയായി ഒരു ഇന്തോ-അമേരിക്കന്‍ വംശജയെ നിയമിക്കപ്പെടുന്നത്. കമല ഹാരിസിന്റെ പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതില്‍ താന്‍ വളരെ ആവേശത്തിലാണന്ന് അവര്‍ പ്രതികരിച്ചു.

നേരത്തെ ഡെമോക്രാറ്റുകളുടെ രണ്ട് പ്രസിഡന്റ് സ്ഥാനാര്‍ഥിമാരുടെ വക്താവായി പ്രവര്‍ത്തിച്ചയാളാണ് സബ്രിന സിങ്. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായിരുന്ന ന്യൂജേഴ്സി സെനറ്റര്‍ കോറി ബുക്കര്‍, ന്യൂയോര്‍ക്ക് മുന്‍ മേയര്‍ മൈക്ക് ബ്ലൂംബെര്‍ഗ് എന്നിവരുടെ വക്താവായിരുന്നു ഇവര്‍. കഴിഞ്ഞയാഴ്ചയാണ് ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ട്വിറ്ററിലൂടെ ഇന്ത്യന്‍ വംശജയായ കമലയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ അമേരിക്കന്‍ വംശജയെ കമല പ്രസ് സെക്രട്ടറിയായി നിയമിക്കുന്നത്. ലോസ് ആഞ്ചലസില്‍ താമസിക്കുന്ന സബ്രിന സിങ് നേരത്തെ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയിടെ വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

യുഎസിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ സര്‍ദാര്‍ ജെജെ സിങ്ങിന്റെ കൊച്ചുമകളാണ് സബ്രിന സിങ്. 1940കളില്‍ അമേരിക്കയില്‍ നടന്ന വര്‍ണ വിവേചന നയങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധിച്ച ഇന്ത്യക്കാരില്‍ പ്രധാനിയായിരുന്നു ഇദ്ദേഹം. 1946 ജൂലൈ 2 ന് അന്നത്തെ പ്രസിഡന്റ് ഹാരി ട്രൂമാന്‍ ലൂസ് സെല്ലര്‍ നിയമത്തില്‍ ഒപ്പുവെച്ചതോടെയാണ് പ്രശ്‌നം അവസാനിച്ചത്. ഈ നിയമത്തില്‍ ഒപ്പുവെച്ചതിലൂടെ പ്രതിവര്‍ഷം 100 ഇന്ത്യക്കാര്‍ക്ക് അമേരിക്കയിലേക്ക് കുടിയേറാന്‍ അനുവദിച്ചു.




Tags:    

Similar News