കൊറോണ പ്രതിരോധം: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് കണ്ണൂര്‍ കലക്ടര്‍ ഏറ്റെടുത്തു

കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 7146 ആണ്

Update: 2020-03-24 12:38 GMT

കണ്ണൂര്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഏറ്റെടുത്തു. 2005ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് പ്രത്യേക കൊറോണ ആശുപത്രിയായി മെഡിക്കല്‍ കോളജിനെ ഏറ്റെടുത്തത്. ജില്ലയിലും സമീപ ജില്ലകളിലും കൊറോണ ബാധിതരുടെയും വൈറസ് ബാധ സംശയിക്കുന്നവരുടെയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ഏറ്റെടുക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തില്‍ നിലവിലെ സര്‍ക്കാര്‍ ആശുപത്രി സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ജീവനക്കാര്‍, സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് ആശുപത്രി ഏറ്റെടുത്തത്. മെഡിക്കല്‍ കോളജിന്റെ നിയന്ത്രണം ഉടന്‍ ഏറ്റെടുത്ത് പ്രത്യേക കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ വരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ കലക്ടര്‍ ചുമതലപ്പെടുത്തി.

    കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 7146 ആണ്. 70 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 33 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 14 പേരും ജില്ലാ ആശുപത്രിയില്‍ 23 പേരുമാണുള്ളത്. ഇതുവരെ ജില്ലയില്‍ നിന്ന് 214 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 154 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ അഞ്ച് എണ്ണം പോസിറ്റീവും ബാക്കി നെഗറ്റീവുമാണ്. 60 എണ്ണത്തില്‍ ഫലം ലഭിക്കാനുണ്ട്. ഇതുവരെ ജില്ലക്കാരായ 16 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇവയില്‍ അഞ്ചുപേരുടെ സാംപിളുകള്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്നും ഒമ്പതെണ്ണം എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നിന്നുമാണ് പരിശോധനയ്ക്കയച്ചത്. ബാംഗ്ലൂരിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ സാംപിളുകള്‍ പരിശോധിച്ചു. പരിശോധനാ ഫലം പോസിറ്റീവായ 16ല്‍ 15 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. തുടര്‍ഫലങ്ങള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാള്‍ നേരത്തേ ആശുപത്രി വിട്ടിരുന്നു.




Tags:    

Similar News