വഖ്ഫ് ഭൂമി കൈയ്യേറാനുള്ള സര്‍ സയ്യിദ് കോളജിന്റെ ശ്രമം; ലീഗ് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണം: ബഷീര്‍ കണ്ണാടിപ്പറമ്പ്

കണ്ണൂര്‍:തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിന് പാട്ടത്തിന് നല്‍കിയ തളിപ്പറമ്പ് ജുമാ മസ്ജിദിന്റെ 21.53 ഏക്കറോളം വരുന്ന വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണത്തില്‍ നിന്ന് മുസ്‌ലിം ലീഗ് നേതൃത്വത്തിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ്. അഭിഭാഷകരുടെ ഭാഗത്ത് നിന്ന് സംഭവിച്ച ക്ലറിക്കല്‍ അബദ്ധം മാത്രമാണെന്ന ലീഗ് ജില്ലാ പ്രസിഡന്റിന്റെ വിശദീകരണം കൂടുതല്‍ സംശയം ജനിപ്പിക്കുന്നതാണ്. ചില ലീഗ് നേതാക്കളുടെ പണത്തോടുള്ള അത്യാര്‍ത്തിയാണ് വഖ്ഫ് ഭൂമിവരെ കൈയ്യേറാന്‍ അവരെ പ്രേരിപ്പിക്കുന്നത്. സമുദായത്തെയും അണികളെയും വിഡ്ഡികളാക്കുന്ന ഇത്തരം പണം തീനി നേതാക്കളെ പൊതുജനം തിരിച്ചറിയണമെന്ന് ബഷീര്‍ കണ്ണാടിപ്പറമ്പ് അഭ്യര്‍ത്ഥിച്ചു.
പ്രഗല്‍ഭരും സമുദായ സ്‌നേഹികളുമായ ജസ്റ്റിസ് വി ഖാലിദ്, സി കെ പി ചെറിയ മമ്മൂക്കേയി എന്നിവരെ പോലുള്ളവര്‍ വിവാദങ്ങള്‍ക്കിടയില്ലാത്ത വിധം സൂക്ഷമതയോടെ കൈകാര്യം ചെയ്ത വഖ്ഫ് ഭൂമിയാണ് ലീഗ് നേതാക്കളായ ഇപ്പോഴത്തെ കോളജ് ഭരണസമിതിയുടെ പിടിപ്പ് കേട് കാരണം വിവാദത്തിലായിരിക്കുന്നത്.
കാനന്നൂര്‍ ഡിസ്ട്രിക്റ്റ് മുസ്‌ലിം എജ്യൂക്കേഷണല്‍ അസോസിയേഷന്‍ CDMEA ആണ് കോളജിന് വേണ്ടി സ്ഥലത്തിനായി തളിപ്പറമ്പ് ജമാഅത് പള്ളിക്ക് 1964ല്‍ അപേക്ഷ നല്‍കിയത്. 1967ല്‍ വഖ്ഫ് ബോര്‍ഡിന്റെ അനുമതിയോടെ 99 വര്‍ഷത്തെക്ക് ഭൂമി പാട്ടത്തിന് നല്‍കുകയും ചെയ്തു. എന്നാല്‍ പ്രസ്തുത ഭൂമിയാണ് വഖ്ഫിന്റേതല്ലെന്ന വിചിത്ര നിലപാട് നിലവിലെ CDMEA ഭാരവാഹികള്‍ സ്വീകരിച്ചിരിക്കുന്നത്.
CDMEAയുടെ ഇപ്പോഴത്തെ പ്രസിഡന്റ് അഡ്വ. പി മഹമൂദ് ലീഗ് ജില്ലാ കമ്മിറ്റി അംഗവും സെക്രട്ടറി മഹ്മൂദ് അള്ളാംകുളം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ മുന്‍ ചെയര്‍മാനുമാണ്. ഇവരാണ് വഖ്ഫ് ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് തണ്ടപ്പേര് മാറ്റുകയും നികുതി അടക്കുകയും ചെയ്തത്. അത് കൊണ്ട് തന്നെ ലീഗ് സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. വഖ്ഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വിശ്വാസികള്‍ പ്രക്ഷോഭ-നിയമപോരാട്ടം നടത്തുമ്പോഴാണ് ലീഗ് നേതാക്കള്‍ വഖ്ഫ് ഭൂമി കൈയ്യേറാന്‍ രേഖകള്‍ ചമക്കാന്‍ തുനിയുന്നത്.
ഇത് പ്രക്ഷോഭങ്ങളെ പിന്നില്‍ നിന്ന് കുത്തുന്നതും ബിജെപി വാദത്തിന് ബലം നല്‍കുകയും ചെയ്യുന്നതാണ്. വഖ്ഫ് ഭൂമി കൈയ്യേറാനുള്ള ലീഗ് ജില്ലാ നേതാക്കളുടെ ശ്രമം വെളിച്ചത്തായപ്പോള്‍ അതെല്ലാം അഭിഭാഷകരുടെ ക്ലറിക്കല്‍ അബദ്ധമാണെന്ന വാദം ഉയര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. വഖ്ഫ് നിയമ ഭേദഗതിക്കെതിരായി ലീഗ് നടത്തുന്ന സമരങ്ങള്‍ ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്. തളിപ്പറമ്പ് ജമാഅത്തിന്റെ ഖാദി സാദിഖലി തങ്ങളാണ്. പള്ളിയുടെ ഭരണ സമിതിയും ലീഗ് നേതാക്കളുടെ നിയന്ത്രണത്തിലാണ്. കോളജ് ഭരണ സമിതിയും ലീഗ് നേതാക്കളാണ് ഭരിക്കുന്നത്. ഈ സൗകര്യം മുതലെടുത്താണ് കോടികള്‍ വിലമതിക്കുന്ന വഖ്ഫ് സ്വത്ത് കൈയ്യേറാന്‍ ലീഗ് ജില്ലാ നേതാക്കള്‍ ഭാരവാഹികളായ ഭരണ സമിതി തയ്യാറാവുന്നത്. കള്ളി വെളിച്ചത്തായപ്പോള്‍ കോളജ് ഭൂമി വഖ്ഫാണെന്ന് പറഞ്ഞ് കൈ കഴുകി രക്ഷപ്പെടാനാണ് ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി ശ്രമിക്കുന്നത്. വഖ്ഫ് ഭൂമിയോട് തരിമ്പും ആത്മാര്‍ത്ഥ ബാക്കിയുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം തയ്യാറാവണമെന്നും ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.