കണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശിയെന്ന് സൂചന; മാനസികാസ്വാസ്ഥ്യമെന്ന് നിഗമനം
കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ടതിനു കസ്റ്റഡിയിലുള്ളത് ബംഗാള്‍ സ്വദേശിയെന്ന് റഇപോര്‍ട്ട്. സമീപത്തെ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ(ബിപിസിഎല്‍) സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബംഗാള്‍ സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്തത്. അതിനിടെ, കസ്റ്റഡിയിലുള്ളയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. രണ്ടുമാസം മുമ്പ് റെയില്‍വേ സ്‌റ്റേഷന് സമീപത്ത് ട്രാക്കിനരികിലും ഇയാള്‍ തീയിട്ടിരുന്നു. അന്ന് ഇയാളെ പിടികൂടിയെങ്കിലും മാനസികപ്രശ്‌നമുള്ളതിനാല്‍ വിട്ടയച്ചതായാണ് പറയപ്പെടുന്നത്. എന്നാല്‍, ഇക്കാര്യത്തിലൊന്നും പോലിസാ റെയില്‍വേ അധികൃതരോ ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടില്ല. റെയില്‍ സുരക്ഷാജീവനക്കാരനും ബംഗാള്‍ സ്വദേശിയും തമ്മില്‍ കഴിഞ്ഞദിവസം രാത്രി തര്‍ക്കമുണ്ടായിരുന്നുവത്രേ. ഇതിന്റെ ദേഷ്യത്തിനാണ് ട്രെയിനിന് തീയിട്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശിയെ സുരക്ഷാജീവനക്കാരന്‍ തിരിച്ചറിഞ്ഞതായും റിപോര്‍ട്ടുകളുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെ 1030ഓടെയാണ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീപ്പിടിത്തമുണ്ടായത്. ട്രെയിനിന്റെ പിറകിലുള്ള ജനറല്‍കോച്ചിലെ ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മറ്റുകോച്ചുകള്‍ വേര്‍പ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അതിനിടെ, തീപ്പിടിത്തമുണ്ടായ കോച്ചില്‍ ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കോച്ചില്‍നിന്ന് മണംപിടിച്ച പോലിസ് നായ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നതിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയി. കോഴിക്കോട് എലത്തൂരിലെ ട്രെയിന്‍ തീവയ്പിന് രണ്ടുമാസം തികയുന്നതിനിടെ അതേ ട്രെയിനില്‍ തന്നെ വീണ്ടും തീപ്പിടിത്തമുണ്ടായത് ദുരൂഹതയുയര്‍ത്തിയിരുന്നു. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഐയാണ് അന്വേഷിക്കുന്നത്.