ചില പുഴുക്കുത്തുകള്‍ എവിടെയുമുണ്ടാവുമെന്ന് കാരായി രാജന്‍; അന്‍വറിന്റെ ആരോപണങ്ങള്‍ പങ്കുവച്ച് പി ജയരാജന്റെ മകനും

Update: 2024-09-12 16:20 GMT

കണ്ണൂര്‍: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി സിപിഎം നേതാവ് കാരായി രാജനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ മകന്‍ ജെയിന്‍ രാജും. കേസില്‍ ആര്‍എസ്എസ്സുകാരായ പ്രതികളെ രക്ഷിക്കാന്‍ എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ ഉള്‍പ്പെട്ട സംഘം നടത്തിയ അട്ടിമറിയും കാരായി രാജന്റേത് ഉള്‍പ്പെടെ ഫോണ്‍ചോര്‍ത്തി കള്ളക്കേസില്‍ കുടുംക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമാണ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നത്. ഞങ്ങള്‍ക്ക് ആഭ്യന്തര വകുപ്പില്‍ ഉറച്ച വിശ്വാസമുണ്ടെന്നും അത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ കൂടിയാണെന്നും പറഞ്ഞാണ് കാരായി രാജന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. എന്നാല്‍ ചില പുഴുക്കുത്തുകള്‍ എവിടെയുമുണ്ടാവുമെന്നും അത് സമൂഹത്തിലും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഭരണകൂട സംവിധാനത്തിന്റെ ഇടങ്ങളില്‍ പ്രത്യേകിച്ചും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുകയും ശിക്ഷയേറ്റു വാങ്ങേണ്ടി വരികയും ചെയ്യുമെന്നത് ഈ നേതൃത്വത്തിലുള്ള എന്റെയും വിശ്വാസമാണ്. തീര്‍ച്ചയാണ്, അനിവാര്യമാണ്. അതിനുള്ള ശേഷിയും നയിക്കുന്നവര്‍ക്കുണ്ട് എന്നാണ് പോസ്റ്റിലുള്ളത്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ യഥാര്‍ഥ പ്രതികളായ ആര്‍എസ്എസ്സുകാരെ രക്ഷിക്കാന്‍ പോലിസുകാര്‍ നടത്തിയ ശ്രമങ്ങളും ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയില്ലെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരേയും ഗുരുതര ആരോപണങ്ങളാണ് ഇതില്‍ അന്‍വര്‍ ഉന്നയിച്ചത്. ഇതിനെ പിന്താങ്ങുന്ന വിധത്തിലാണ് കാരായി രാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചന കേസ് പ്രതിയായ കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു. സിബി ഐ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ട കാരായി രാജന് ഏറെക്കാലം കണ്ണൂരില്‍ പ്രവേശനത്തിന് കോടതി വിലക്കുണ്ടായിരുന്നപ്പോഴാണ് ആശ്രമം കത്തിക്കല്‍ സംഭവമുണ്ടായത്. ഇതിനു പിന്നാലെ തീവയ്പിനു പിന്നില്‍ സ്വാമി സന്ദീപാനന്ദ ഗിരിയാണെന്നും സിപിഎം പ്രവര്‍ത്തകരാണെന്നും വരുത്തിത്തീര്‍ക്കാനും ശ്രമമുണ്ടായിരുന്നു.


അതിനിടെ, കാരായി രാജന്റെ ഫോണ്‍ പോലിസ് ചോര്‍ത്തുന്നുവെന്ന അന്‍വറിന്റെ ആരോപണം കണ്ണൂരിലെ സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയിന്‍ രാജും പങ്കുവച്ചിട്ടുണ്ട്. എഡിജിപി എം ആര്‍ അജിത് കുമാര്‍, എസ്പിമാരായ സുജിത് ദാസ്, എസ് ശശിധരന്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ച പി വി അന്‍വര്‍ ഇന്നലെയാണ് കാരായി രാജനെ കുറിച്ച് ഫേസ് ബുക്കില്‍ എഴുതിയത്. ആശ്രമം ആര്‍എസ്എസ് കത്തിച്ചതിന്റെ പേരില്‍ കണ്ണൂരിലുള്ള സഖാവ് കാരായി രാജന്റെ ഫോണ്‍ ചോര്‍ത്തുന്നു എന്നായിരുന്നു ആരോപണം. കാരായിയില്‍ നിന്ന് കണ്ണൂരിലെ ജയരാജന്മാരിലേക്ക്, അവിടെ നിന്ന് എകെജി സെന്ററിലേക്കും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും എന്നതായിരുന്നു ഫോണ്‍ ചോര്‍ത്തുന്നവരുടെ ലക്ഷ്യം എന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഇത് ബൂമറാങ് ആവുമെന്ന അവസാന നിമിഷത്തെ ആരുടെയോ ഉപദേശമാണിവരെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചത്. അല്ലെങ്കില്‍ ആശ്രമം കത്തിച്ചതിന്റെ പാപഭാരം ഈ പാര്‍ട്ടിയും കാരായിയെ പോലെയുള്ള സഖാക്കളും തലയില്‍ പേറേണ്ടി വന്നേനേയെന്നും അന്‍വര്‍ കുറിച്ചതാണ് ജയരാജന്റെ മകന്‍ ഷെയര്‍ ചെയ്തത്. 'ഭരണകൂട വേട്ടയാടലുകള്‍ക്ക് മുന്നില്‍ പതറാതെ നിന്ന പ്രിയ സഖാവ് കാരായി..' എന്ന കുറിപ്പോടെയാണ് ജെയിന്‍ രാജ് ഷെയര്‍ ചെയ്തത്. നേരത്തെയും വിവിധ വിഷയങ്ങളില്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്ന ജെയിന്‍ രാജിന്റെ ഇപ്പോഴത്തെ കുറിപ്പില്‍ പിണറായി സര്‍ക്കാറിനും സിപിഎമ്മിനുമെതിരേ പാര്‍ട്ടി അണികള്‍ തന്നെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. അന്‍വര്‍ ഉന്നയിക്കുന്നത് സ്വന്തം വീട്ടിലെ കാര്യം അന്വേഷിക്കാന്‍ അല്ല എന്നും പാര്‍ട്ടിയും സര്‍ക്കാറും ചുമതലപ്പെടുത്തിയവര്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ചതിക്കുന്ന കാര്യമാണ് അന്‍വര്‍ അന്വേഷിച്ച് കണ്ടെത്തിയിട്ടുള്ളതെന്നുമുള്ള സാമാന്യ ബോധമെങ്കിലും നേതൃത്വം കാണിക്കണമെന്നാണ് ഒരാളുടെ കമ്മന്റ്.


'സഖാവേ, ഇതൊക്കെ ആരോട് പറയണം. ഇതൊക്കെ ചെയ്യാന്‍ അവര്‍ക്ക് ധൈര്യം വരണമെങ്കില്‍ പാര്‍ട്ടിയില്‍ തന്നെ ഉള്ള ആരോ ഒരാളുടെ സപ്പോര്‍ട്ട് അവര്‍ക്ക് കിട്ടുന്നുണ്ട്. പാര്‍ട്ടി നേതാവിന്റെ മകളുടെ പരാതിയില്‍ പുറത്താക്കിയവന്‍ എങ്ങനെ വീണ്ടും ഈ നിലയില്‍ എത്തി പരിശോധിക്കണം. ചില പോലിസുകാരുടെ റാങ്ക് നില എങ്ങനെ പെട്ടെന്ന് മുകളില്‍ എത്തി. ഇവരെ സഹായിക്കുന്നവര്‍ മസ്സിലാക്കിക്കോ, പാര്‍ട്ടിക്ക് മീതെ നമ്മള്‍ക്ക് ആരുമില്ല. നിങ്ങള്‍ പിന്മാറിയില്ലെങ്കില്‍ സഖാക്കള്‍ വലിച്ച് താഴെ ഇടുന്ന സമയം വിദൂരമല്ല' എന്നാണ് കല്ലാച്ചിയിലെ സിപിഎം പ്രവര്‍ത്തകനായ റജിയുടെ രോഷം. പ്രാദേശിക നേതാക്കള്‍ക്കെതിരേ സംസ്ഥാന കമ്മിറ്റിക്കും ജില്ലാകമ്മിറ്റിക്കും പരാതി നല്‍കിയതിന് തനിക്കെതിരെ കള്ളക്കേസ് എടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.


തലശ്ശേരി പുന്നോല്‍ ഹരിദാസ് കൊലക്കേസില്‍ ബിജെപി മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ ലിജേഷ് അടക്കം പ്രതിയായ കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചിട്ടും എല്ലാവരും ജാമ്യത്തില്‍ ഇറങ്ങിയതിന് പി ശശിയെ കൊണ്ട് മറുപടി പറയിക്കണമെന്നാണ് മറ്റൊരാള്‍ പറയുന്നത്. ആലപ്പുഴയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ 90 ദിവസം കൊണ്ട് വിചാരണ നടത്തി വധശിക്ഷ വാങ്ങി കൊടുക്കാന്‍ ഈ ആഭ്യന്തര വകുപ്പിന് സാധിച്ചു. സ്വന്തം സഖാക്കളെ കൊന്ന കേസില്‍ പോലും ആര്‍എസ്എസ്സുകാര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാന്‍ പറ്റാത്ത ആഭ്യന്തര വകുപ്പ്. ആര്‍എസ്എസ്സുകാര്‍ കൊന്നാലും കൊല്ലപ്പെട്ടാലും എങ്ങനെയാണ് അവര്‍ക്കു മാത്രം കേരളത്തില്‍ നീതി കിട്ടുന്നത് എന്നും ചോദിക്കുന്നുണ്ട്. ഒരു കമ്യൂണിസ്റ്റിന്റെ കൈയില്‍ രണ്ടു തോക്കുകള്‍ ഉണ്ടായിരിക്കണം. ഒന്ന് വര്‍ഗ ശത്രുവിനെതിരേയും ഒന്ന് വഴി പിഴക്കുന്ന സ്വന്തം നേതാക്കള്‍ക്കെതിരെയും. സഖാവ് ഹോചിമിന്‍' എന്ന അതിശക്തമായ മുന്നറിയിപ്പാണ് മറ്റൊരു പ്രവര്‍ത്തകന്‍ നല്‍കുന്നത്. പയ്യന്നൂര്‍ കുന്നെരുവിലെ ധനരാജന്‍ കൊല്ലപ്പെട്ടപ്പോള്‍ അന്വേഷണം നേരാം വഴിയല്ല പോവുന്നതെന്ന് മനസ്സിലായി അന്നത്തെ ജില്ല സെക്രട്ടറി പി ജയരാജന് വരെ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തേണ്ടി വന്ന കാര്യവും ചിലര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകര്‍ പരസ്യമായി തന്നെ പി ശശിക്കെതിരേ രംഗത്തെത്തുന്നുണ്ട്.





Tags:    

Similar News