ബ്രദര്‍ഹുഡുമായി ബന്ധമെന്ന ആരോപണം; ഫ്രഞ്ച് ആഭ്യന്തര മന്ത്രിക്കെതിരേ കരിം ബെന്‍സെമ മാനനഷ്ടക്കേസ് നല്‍കി

Update: 2024-01-17 10:35 GMT

പാരിസ്: ഫലസ്തീനെ പിന്തുണച്ചതിനു പിന്നാലെ മുസ് ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ഫ്രഞ്ച് ആഭ്യന്തര മന്ത്രിക്കെതിരേ ഫ്രഞ്ച് ഫുട്‌ബോള്‍ താരം കരിം ബെന്‍സെമ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. സുന്നി മുസ് ലിം ഇസ് ലാമിസ്റ്റ് ഗ്രൂപ്പുമായി ബെന്‍സെമയ്ക്ക് 'കുപ്രസിദ്ധമായ ബന്ധമുണ്ടെന്ന്' പറഞ്ഞതിനാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിനെതിരേ നിയമനടപടി സ്വീകരിച്ചത്. പരാമര്‍ശം ബെന്‍സെമയുടെ പ്രശസ്തിയെയും തകര്‍ക്കുന്നതാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 'സ്ത്രീകളെയോ കുട്ടികളെയോ ഒഴിവാക്കാത്ത അന്യായമായ ബോംബാക്രമണങ്ങളുടെ ഇരകള്‍ വീണ്ടും' എന്ന അടിക്കുറിപ്പോടെ ഗസയിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കി ട്വീറ്റ് ചെയ്തതിന് ശേഷമാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഡാര്‍മാനിന്റെ അധിക്ഷേപം. മുന്‍ റയല്‍ മാഡ്രിഡ് താരമായ ബെന്‍സെമ ഇപ്പോള്‍ സൗദി അറേബ്യയിലാണ് കളിക്കുന്നത്. ഈജിപ്ത്, റഷ്യ, സൗദി അറേബ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ മുസ് ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചിട്ടുണ്ട്. ബെന്‍സെമ മുസ് ലിം ബ്രദര്‍ഹുഡുമായുള്ള ബന്ധത്തിന് പേരുകേട്ടയാളാണെന്നും ഞങ്ങള്‍ അവരോട് പോരാടുകയാണെന്നും കാരണം അത് ജിഹാദിസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നുമായിരുന്നു ടിവി ചാനലായ സി ന്യൂസിനോട് പറഞ്ഞത്. പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. തനിക്ക് ഒരിക്കലും മുസ് ലിംം ബ്രദര്‍ഹുഡ് സംഘടനയുമായോ അതില്‍ അംഗമാണെന്ന് അവകാശപ്പെടുന്ന ആരുമായോ ഒരു ചെറിയ ബന്ധവുമില്ലെന്ന് അദ്ദേഹം 92 പേജുള്ള പരാതിയില്‍ പറയുന്നുണ്ട്. താരം രാഷ്ട്രീയ ചൂഷണത്തിന്റെ ഇരയാണെന്നും ആഭ്യന്തര മന്ത്രി ഫ്രാന്‍സില്‍ വിഭജനമുണ്ടാക്കിയെന്നും ബെന്‍സെമയുടെ അഭിഭാഷകന്‍ ഹ്യൂഗ്‌സ് വിജിയര്‍ പറഞ്ഞു. എന്നാല്‍, പരാതിയെക്കുറിച്ച് ഡാര്‍മാനിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News