തീര്‍ഥാടകരെ വരവേല്‍ക്കാന്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസ് ഒരുങ്ങുന്നു
അഞ്ച് കോടിയോളം രൂപ ചെലവിട്ട് 72,000 ചതുരശ്ര അടിയില്‍ നിര്‍മിച്ച ഹജ്ജ് ഹൗസ് 2007 നവംബറിലാണ് ഉദ്ഘാടനം ചെയ്തത്
മലപ്പുറം: നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ഥാടകരെ വരവേല്‍ക്കാന്‍ കരിപ്പൂരിലെ ഹജ്ജ് ഹൗസ് ഒരുങ്ങുന്നു. ഹജ്ജ് തീര്‍ഥാടകരെയും യാത്രയാക്കാനെത്തുന്ന ബന്ധുക്കളെയും സ്വീകരിക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി 17,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലാണ് ഹജ്ജ് ഹൗസിനോടുചേര്‍ന്ന് ഒരുങ്ങുന്നത്. ജൂലൈ ആറിന് വൈകീട്ട് 4.30ന് ഹജ്ജ് ക്യാംപ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഏഴിന് തീര്‍ഥാടകരുടെ ആദ്യയാത്ര മന്ത്രി കെ ടി ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഏഴിന് പുലര്‍ച്ചെ 4.30ന് സൗദി എയര്‍ലൈന്‍സ് വിമാനം 300 തീര്‍ഥാടകരുമായാണ് മദീനയിലേക്ക് യാത്രതിരിക്കുക. രാവിലെ 7.30ന് മറ്റൊരു വിമാനവും 300 യാത്രക്കാരുമായി പുറപ്പെടും. കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ 24 മണിക്കൂര്‍ മുമ്പ് തീര്‍ഥാടകര്‍ കരിപ്പൂരിലെ ഹജ്ജ് ക്യാംപിലെത്തണം. നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിന് തിരിച്ചുകിട്ടുന്നത്. എമിഗ്രേഷന്‍, കസ്റ്റംസ് അടക്കമുള്ള എല്ലാ പരിശോധനകളും ക്യാംപില്‍നിന്ന് പൂര്‍ത്തിയാക്കും. വിമാനം പുറപ്പെടുന്നതിന്റെ ഒരുമണിക്കൂര്‍ മുമ്പ് തീര്‍ഥാടകരെ ക്യാംപില്‍നിന്ന് വിമാനത്താവളത്തില്‍ എത്തിക്കും. 600 തീര്‍ഥാടകര്‍ക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.
ഹജ്ജ് ഹൗസിനോടുചേര്‍ന്ന് വനിതകള്‍ക്കായി പ്രത്യേക ബ്ലോക്കും നിര്‍മാണത്തിലുണ്ട്. ഇതിനായി കഴിഞ്ഞ ബജറ്റില്‍ മന്ത്രി തോമസ് ഐസക് ഫണ്ട് വകയിരുത്തിയിരുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂലൈ ആറിന് വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ എയര്‍ക്രാഫ്റ്റുകളുടെ സര്‍വീസ് നിര്‍ത്തിവച്ചതോടെയാണ് എംബാര്‍ക്കേഷന്‍ പോയിന്റും കരിപ്പൂരിന് നഷ്ടമായത്. നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയ എംബാര്‍ക്കേഷന്‍ പോയിന്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് കരിപ്പൂരിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്. ഇത്തവണ നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും എംബാര്‍ക്കേഷന്‍ പോയിന്റുണ്ടാവും. 2000 യാത്രക്കാര്‍ മാത്രമാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി യാത്രയാവുക. 9850 തീര്‍ഥാടകരും കരിപ്പൂര്‍ വഴിയാണ് പുറപ്പെടുന്നത്. കഴിഞ്ഞ നാല് വര്‍ഷവും ക്യാംപ് നെടുമ്പാശ്ശേരിയിലായിരുന്നു. നിലവിലെ ഷെഡ്യൂള്‍ പ്രകാരം ജൂലൈ ഏഴിന് രാവിലെ 7.10നാണ് കരിപ്പൂരില്‍നിന്ന് ആദ്യ സര്‍വീസെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. നേരത്തേ, കരിപ്പൂരില്‍നിന്ന് പരമാവധി ആറായിരത്തോളം പേരാണ് ഹജ്ജിന് പോയിരുന്നത്. ഇക്കുറി 10,464 പേരാണ് ഇവിടെനിന്ന് യാത്ര തിരിക്കുക. ഇവര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം വിമാനത്താവള ഉദ്യോഗസ്ഥരുമായി ഹജ്ജ് കമ്മിറ്റി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതല്‍ സൗകര്യങ്ങളുള്ള പഴയ അന്താരാഷ്ട്ര ആഗമന ഹാള്‍ തീര്‍ഥാടകര്‍ക്ക് ഉപയോഗിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഹാജിമാരുടെ ബാഗേജ് പരിശോധന ഇത്തവണയും ഹജ്ജ് ഹൗസിലാവും. യാത്ര മദീനയിലേക്കായതിനാല്‍ ഇക്കുറി ഇഹ്‌റാം കെട്ടല്‍ ഇവിടെനിന്നുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് കോടിയോളം രൂപ ചെലവിട്ട് 72,000 ചതുരശ്ര അടിയില്‍ നിര്‍മിച്ച ഹജ്ജ് ഹൗസ് 2007 നവംബറിലാണ് ഉദ്ഘാടനം ചെയ്തത്.