കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: ഏകോപനം ഉന്നത സിഐഎസ്എഫ് ഉദ്യോഗസ്ഥനെന്ന് പോലിസ്
മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് പോലിസ്. സിഐഎസ്എഫ് അസി. കമാന്റഡന്റ് നവീനാണ് സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചതെന്നും ഇദ്ദേഹത്തിന്റെ സഹായത്തോടെ കൊടുവള്ളി സ്വദേശിക്കായി 60 തവണ സ്വര്‍ണം കടത്തിയെന്നും പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. മലപ്പുറം എസ്പി സുജിത്ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം മാത്രം കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം വിമാനത്താവളത്തിനു പുറത്തുവച്ച് മൂന്ന് തവണ പോലിസ് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് സിഐഎസ്എഎഫിലെ ഉന്നത ഉദ്യോഗസ്ഥനാണ് പിന്നിലെന്ന് വ്യക്തമായത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ ഉള്‍പ്പെടെ ഇവരില്‍ നിന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. അസി. കമാന്‍ഡന്റിന്റെ ഒത്താശയോടെ 60 തവണ സ്വര്‍ണം കടത്തിയെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. കൊടുവള്ളി സ്വദേശി റഫീഖ് എന്നയാള്‍ക്കു വേണ്ടിയാണ് ഇവര്‍ സ്വര്‍ണം കടത്തിയത്. സംഭവത്തില്‍ സിഐഎസ്എഫ് അസി. കമാന്റന്‍ഡിന്റെയും കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും പേരില്‍ കരിപ്പൂര്‍ പോലിസ് കേസെടുത്തിട്ടുണ്ട്. വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരനായ ഷറഫലി, സ്വര്‍ണം വാങ്ങാനെത്തിയ ഫൈസല്‍ എന്നിവരെ ചോദ്യംചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നും പോലിസ് വ്യക്തമാക്കുന്നു.