കര്‍ഷകരല്ലാത്തവര്‍ക്കും കൃഷി ഭൂമി വാങ്ങാം; കര്‍ണാടകത്തില്‍ ഭൂപരിഷ്‌കരണഭേദഗതി ബില്‍ പാസാക്കി, പ്രതിഷേധവുമായി കര്‍ഷകര്‍
ജെഡിഎസിന്റെ പിന്തുണയോടെ 21നെതിരേ 37 വോട്ടുകള്‍ക്കാണ് നിയമം പാസാക്കിയത്.
ബെംഗളൂരു: പ്രതിപക്ഷത്തിന്റെയും കര്‍ഷകരുടെയും കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ കര്‍ണാടക നിയമനിര്‍മാണ കൗണ്‍സിലില്‍ ഭൂപരിഷ്‌കരണഭേദഗതി ബില്‍ പാസാക്കി. ജെഡിഎസിന്റെ പിന്തുണയോടെ 21നെതിരേ 37 വോട്ടുകള്‍ക്കാണ് നിയമം പാസാക്കിയത്.കൃഷിഭൂമി വാങ്ങാന്‍ കര്‍ഷകരല്ലാത്തവരെയും അനുവദിക്കുന്നതാണ് ഭേദഗതി. ബില്ലിനെതിരേ ബെംഗളൂരു മൗര്യ സര്‍ക്കിളില്‍ സമരംചെയ്തിരുന്ന കര്‍ഷകര്‍ ബില്‍ പാസായതോടെ പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്.
ബില്ലിനെ പിന്തുണച്ച ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി കോര്‍പ്പറേറ്റ് ഏജന്റാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. കര്‍ഷകരുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണ് ഭേദഗതിയെന്നാണ് ബില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നിയമസഭയില്‍ പാസായപ്പോള്‍ എച്ച് ഡി കുമാരസ്വാമി പറഞ്ഞത്. ഇതിനു വിപരീതമായി കൗണ്‍സിലില്‍ ബില്ലിനെ പിന്തുണച്ചത് വന്‍വിമര്‍ശനത്തിനിടയാക്കി.
നിയമസഭയിലും നിയമനിര്‍മാണ കൗണ്‍സിലിലും ബില്‍ പാസായതോടെ ഇനി ഗവര്‍ണറുടെ അനുമതി ലഭിക്കുന്നതോടെ ബില്‍ നിയമമാവും. വന്‍കിട കമ്പനികളെ കൃഷിഭൂമി വാങ്ങിക്കൂട്ടാന്‍ സഹായിക്കുന്നതാണ് ഭേദഗതിയെന്നാണ് കര്‍ഷകരുടെ ആരോപണം. അനധികൃതമായി കാര്‍ഷികഭൂമി വാങ്ങുന്നവരെ ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്.
ബില്‍ പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് കര്‍ഷകസംഘടനകളും കന്നഡവാദസംഘടനകളും ബുധനാഴ്ചമുതല്‍ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചു. കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി. ബുധനാഴ്ച മജസ്റ്റിക് റെയില്‍വേ സ്‌റ്റേഷനല്‍നിന്നു വിധാന്‍ സൗധയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകസംഘടനാ നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ബില്‍ നിയമസഭയില്‍ പാസായപ്പോള്‍ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ബില്ലിന്റെ പകര്‍പ്പ് കീറി പ്രതിഷേധിച്ചിരുന്നു.