ഹിന്ദു യുവതിക്കൊപ്പം ബസ്സില്‍ യാത്ര ചെയ്തു; മുസ്‌ലിം യുവാവിന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

Update: 2022-12-16 15:09 GMT

ബംഗളൂരു: കര്‍ണാടകയില്‍ ഹിന്ദു യുവതിക്കൊപ്പം ബസ്സില്‍ യാത്ര ചെയ്തതിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മംഗളൂരുവില്‍ നിന്ന് ബംഗളൂരുവിലേക്ക് സ്വകാര്യബസ്സില്‍ സുഹൃത്തായ മുസ്‌ലിം യുവാവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഹിന്ദു യുവതി. ഇതറിഞ്ഞ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മംഗളൂരുവിലെ പമ്പ് വെല്‍ പരിസരത്ത് ബസ് തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍, ബസ് നിര്‍ത്താന്‍ തയ്യാറാവാതെ വന്നതോടെ കല്ലഡ്ക ടൗണിലെ മറ്റ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു.

വ്യാഴാഴ്ച അര്‍ധരാത്രിയോടെ കല്ലഡ്കയ്ക്ക് സമീപം ദശകോടിയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബസ് തടഞ്ഞു. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്നതിനെ ഇവര്‍ ചോദ്യം ചെയ്തു. മുസ്‌ലിം യുവാവിനൊപ്പം യാത്ര ചെയ്ത യുവതിയെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ശകാരിക്കുകയും ഇരുവരോടും ബസ്സില്‍ നിന്ന് ഇറങ്ങണമെന്ന് ആക്രോശിക്കുകയും ചെയ്തു. ബസ്സില്‍നിന്ന് ഇറക്കിയശേഷമാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ നടപടിയെ ചോദ്യം ചെയ്ത യുവതിയെയും സംഘം ആക്രമിച്ചു. ബജ്‌റംഗ്ദളുമായി യുവതി തര്‍ക്കിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിവരമറിഞ്ഞ ബണ്ട്വാള്‍ പോലിസ് സംഭവസ്ഥലത്തെത്തി ഇരുവരെയും സുരക്ഷിതമായി അവിടെ നിന്ന് മാറ്റുകയായിരുന്നു. ഇരുവരും ഒരുമിച്ച് സ്ലീപ്പര്‍ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നുവെന്നും ഇത് കെണിയാണെന്ന് സംശയിക്കുന്നതായുമാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പോലിസിനോട് പറഞ്ഞത്. മാതാപിതാക്കളെ വിളിച്ചുവരുത്തി യുവതിയെ അവര്‍ക്കൊപ്പം വീട്ടിലേക്ക് അയച്ചതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. പോലിസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ഇതാദ്യമായല്ല ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള ആക്രമണം നടക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയില്‍ നിന്ന് രണ്ടാഴ്ചയ്ക്കിടെ റിപോര്‍ട്ട് ചെയ്യുന്ന സമാന രീതിയിലുള്ള ആറാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ദിവസം ബസ്സില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഒരു ഹിന്ദു സ്ത്രീ 45 കാരനായ മുസ്‌ലിം യുവാവിന് തന്റെ ബാഗ് ഏല്‍പ്പിച്ചത് വലിയ പ്രശ്‌നത്തിനിടയാക്കിയിരുന്നു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ മൂഡിബിദ്രെയിലായിരുന്നു സംഭവം നടന്നത്. ഇഷാക്ക് എന്ന യുവാവിനെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അന്ന് മര്‍ദ്ദിച്ചത്.

ഇഷാക്ക് പോലിസിന് നല്‍കിയ മൊഴിപ്രകാരം ബസ്സില്‍ നിന്ന് ഇറങ്ങുന്നതിനിടെ ബാഗ് പിടിക്കാന്‍ ഏല്‍പ്പിച്ച യുവതിയോട് സംസാരിച്ചതിനെ ബസ് കണ്ടക്ടര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. കാര്യമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ യുവാവിനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവം വാര്‍ത്തയായതോടെ ഹിന്ദു യുവതിയോട് ഇഷാക്ക് മോശമായി പെരുമാറിയെന്ന വാദവുമായി ബസ് കണ്ടക്ടര്‍ രംഗത്തുവരികയായിരുന്നു.

Tags:    

Similar News