മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസ്താവന; കര്‍ണാടക മന്ത്രിക്കെതിരേ കേസ്
ശിവമോഗ സ്വദേശി റിയാസ് അഹമ്മദിന്റെ പരാതിയിലാണ് പ്രത്യേക കോടതിയുടെ നിര്‍ദേശ പ്രകാരം ശിവമോഗയിലെ ദൊഡ്ഡപേട്ട് പോലിസ് ഈശ്വരപ്പക്കും കോര്‍പറേറ്റര്‍ ചന്നബസപ്പക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ബംഗളൂരു: ശിവമോഗയില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസ്താവന നടത്തിയ കര്‍ണാടക ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പക്കെതിരേ പോലിസ് കേസെടുത്തു.
ശിവമോഗബിജെപി കോര്‍പറേറ്റര്‍ ചന്നബസപ്പക്കെതിരേയും കേസെടുത്തിട്ടുണ്ട്. ശിവമോഗ സ്വദേശി റിയാസ് അഹമ്മദിന്റെ പരാതിയിലാണ് പ്രത്യേക കോടതിയുടെ നിര്‍ദേശ പ്രകാരം ശിവമോഗയിലെ ദൊഡ്ഡപേട്ട് പോലിസ് ഈശ്വരപ്പക്കും കോര്‍പറേറ്റര്‍ ചന്നബസപ്പക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഹര്‍ഷ കൊല്ലപ്പെട്ടശേഷം ഈശ്വരപ്പ നടത്തിയ പ്രകോപന പ്രസ്താവനയെ തുടര്‍ന്നാണ് ശിവമൊഗ്ഗ സിറ്റിയില്‍ വ്യാപക അക്രമമുണ്ടായതായി റിയാസ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തേ പരാതി നല്‍കിയെങ്കിലും പോലിസ് സ്വീകരിക്കാന്‍ തയ്യാറായില്ല.തുടര്‍ന്ന് ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ ഹരജി നല്‍കി. അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടതോടെയാണ് പോലിസ് കേസെടുത്തത്.
മുസ്‌ലിം ഗുണ്ടകളാണ് ഹര്‍ഷയെ കൊലപ്പെടുത്തിയതെന്നായിരുന്നു യാതൊരു തെളിവുമില്ലാതെ മന്ത്രി തട്ടിവിട്ടത്.ഇത്തരം ഗുണ്ടായിസം ശിവമോഗയില്‍ അനുവദിക്കില്ലെന്നും അവര്‍ക്ക് കൊലപാതകം നടത്താന്‍ ധൈര്യം ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നില്‍ ശിരോവസ്ത്ര വിവാദം ഉള്‍പ്പെടെയുള്ള കാരണമില്ലെന്നും വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വ്യക്തിവിരോധമാണെന്നുമായിരുന്നു പോലിസ് കണ്ടെത്തല്‍.