വൊക്കലിഗ സമുദായത്തെ കുറിച്ചുള്ള സമീര്‍ അഹമ്മദ് എംഎല്‍എയുടെ പരാമര്‍ശം: താക്കീതുമായി കോണ്‍ഗ്രസ് നേതൃത്വം

Update: 2022-07-26 13:50 GMT

ബംഗളൂരു: വൊക്കലിഗ സമുദായത്തെ കുറിച്ചുള്ള പരാമര്‍ശം ബിജെപിയും ജെഡിഎസും വിവാദമാക്കിയതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ചാമരാജ്‌പേട്ട എംഎല്‍എയുമായ സമീഹര്‍ അഹമ്മദ് ഖാനെ കോണ്‍ഗ്രസ് താക്കീത് ചെയ്തു. വൊക്കലിഗകളെക്കാള്‍ മുസ്‌ലിംകള്‍ കൂടുതലാണെന്ന സമീര്‍ അഹമ്മദ് ഖാന്റെ പരാമര്‍ശത്തില്‍ സ്വന്തം പാര്‍ട്ടി സഹപ്രവര്‍ത്തകരില്‍ നിന്നും വിമര്‍ശനം നേരിട്ടിരുന്നു.

വൊക്കലിഗ സമുദായത്തെ ഏകീകരിക്കാനുള്ള പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാറിന്റെ ശ്രമത്തോട് പ്രതികരിക്കവെയാണ് ഖാന്റെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയുടെ വിശ്വസ്തനായ ഖാന്റെ പരാമര്‍ശം പാര്‍ട്ടി നേതാക്കളും വിവാദമാക്കിയതോടെയാണ് കോണ്‍ഗ്രസ് താക്കീത് ചെയ്തത്.

ഒരു സമുദായത്തിന്റെ പിന്തുണയോടെ ആര്‍ക്കും മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്ന് അടുത്തിടെ സമീര്‍ അഹമ്മദ് പറഞ്ഞിരുന്നു. 'ഒരു സമുദായത്തിന്റെ പിന്തുണയോടെ ആര്‍ക്കും മുഖ്യമന്ത്രിയാകാന്‍ കഴിയില്ല, മുഖ്യമന്ത്രിയാകണം എന്ന് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും, അത് തെറ്റല്ല...എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുനടന്നാലേ (മുഖ്യമന്ത്രിയാകാന്‍) സാധിക്കൂ? എനിക്കും മുഖ്യമന്ത്രി ആവണമെന്ന ആഗ്രഹമുണ്ട്. എന്റെ സമുദായത്തിന്റെ ശതമാനം വൊക്കലിഗാസിനേക്കാള്‍ കൂടുതലാണ്, എന്റെ സമുദായത്തിന്റെ പിന്തുണയോടെ എനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയുമോ? സാധ്യമല്ല,' ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഈ പ്രസ്താവനയാണ് വിവാദമായത്. വൊക്കലിഗകളുടെ പ്രതിഷേധം തണുപ്പിക്കാന്‍ സമീര്‍ അഹമ്മദ് ശ്രമം നടത്തിയെങ്കിലും വിഷയം പാര്‍ട്ടി നേതാക്കള്‍ തന്നെ വിവാദമാക്കുകയായിരുന്നു. താന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ കാരണം വൊക്കലിഗകളാണെന്നും മുസ്‌ലിം നേതാക്കള്‍ കാരണമല്ലെന്നും തിങ്കളാഴ്ച ഹാവേരിയില്‍ സമീര്‍ അഹമ്മദ് എംഎല്‍എ പറഞ്ഞു.

'ഞാന്‍ രാഷ്ട്രീയത്തില്‍ വന്നത് മുസ് ലിം നേതാക്കള്‍ കാരണമല്ല, ഒരു വൊക്കലിഗ സന്യാസി കാരണത്താലാണ്. ഞാന്‍ ആദിചുഞ്ചനഗിരി മഠത്തിലാണ് വളര്‍ന്നത്. അതിനാലാണ് ഞാന്‍ രാഷ്ട്രീയത്തില്‍ വന്നത്. വിജയനഗര മഠത്തിലെ സ്വാമിജിയുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് നിങ്ങള്‍ക്ക് ചോദിക്കാം. 2005 ല്‍, ഞാന്‍ എച്ച്ഡി ദേവഗൗഡയുടെ പിന്തുണയോടെയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും എംഎല്‍എ പറഞ്ഞു.

ഒരു സമീറിനോടും താന്‍ പ്രതികരിക്കില്ല' എന്നായിരുന്നു സമീറിന്റെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് ശിവകുമാറിന്റെ പ്രതികരണം. 'എല്ലാവരും പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കണം' എന്ന മുന്നറിയിപ്പും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്‍കിയിരുന്നു. സമീറുമായി ഉടന്‍ സംസാരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍ ചെലുവരയ്യസ്വാമി പറഞ്ഞു.

'സമുദായത്തെ കുറിച്ച് സംസാരിക്കുന്നത് അനാവശ്യമായിരുന്നു. വൊക്കലിഗസിനെക്കുറിച്ചുള്ള സമീറിന്റെ പ്രസ്താവന തെറ്റാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്, ഇന്ന് വീണ്ടും പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ആരും സംസാരിക്കരുത്. പ്രശ്‌നം അവസാനിപ്പിക്കാന്‍ ഞാന്‍ ഉടന്‍ തന്നെ സമീറുമായി സംസാരിക്കും.' ചലുവരയസ്വാമി പറഞ്ഞു.

കഴിഞ്ഞ ദിവസം സമീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സി ടി രവി രംഗത്തെത്തിയിരുന്നു.

'പാകിസ്താനില്‍ 99 ശതമാനം മുസ് ലിംകള്‍ ഉണ്ട്, ആ രാജ്യത്തിന്റെ അവസ്ഥ നോക്കു. മുസ് ലിംകള്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ മാത്രമേ ഒരു പാര്‍ട്ടി അധികാരത്തില്‍ വരൂ എന്ന് ആളുകള്‍ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു, പക്ഷേ ആ ദിവസങ്ങള്‍ കടന്നുപോയിരിക്കുന്നു സമീര്‍. ഭായ്'. രവി പറഞ്ഞു.

'ബിജെപിക്ക് അധികാരത്തില്‍ മാത്രമാണ് താല്‍പ്പര്യം'. സി ടി രവിയുടെ പ്രസ്താവനയോട് പ്രതികരിച്ച സമീര്‍ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനത്തിനായി ബിജെപി നേതാക്കള്‍ക്കിടയില്‍ മത്സരമുണ്ട്, അശോകനും സി.ടി. രവിയുമെല്ലാം മത്സരരംഗത്തുണ്ട്. ബി.ജെ.പി രാജ്യത്തെ നശിപ്പിക്കുകയാണ്. അവര്‍ നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെയാണ് അധികാരത്തില്‍ വരുന്നത്'. സമീര്‍ പറഞ്ഞു.

Tags:    

Similar News