ദളിത് യുവാവിനെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി
തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും പോലിസ് സ്‌റ്റേഷനില്‍ വച്ച് മൂത്രം കുടിപ്പിച്ചതായും ഡിജിപി പ്രവീണ്‍ സൂതിന് നല്‍കിയ പരാതിയില്‍ പുനീത് ചൂണ്ടിക്കാട്ടി.
ബെംഗളൂരു: ദലിത് യുവാവിനെ പോലിസ് ക്രൂരമായി തല്ലിച്ച് മൂത്രംകുടിപ്പിച്ചതായി ആരോപണം. ചിക്കമംഗളൂരു ജില്ലയില്‍നിന്നുള്ള പുനീത് എന്ന യുവാവാണ് പോലിസിനെതിരേ ഗുരുതര ആരോപണവുമായി മുന്നോട്ട് വന്നത്. തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും പോലിസ് സ്‌റ്റേഷനില്‍ വച്ച് മൂത്രം കുടിപ്പിച്ചതായും ഡിജിപി പ്രവീണ്‍ സൂതിന് നല്‍കിയ പരാതിയില്‍ പുനീത് ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ഉള്‍പ്പെട്ട പോലിസുകാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നും പുനീത് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഒരു സ്ത്രീയോട് സംസാരിച്ചെന്ന ഗ്രാമവാസികള്‍ നല്‍കിയ വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ മെയ് 10ന് ലോക്കല്‍ പോലീസ് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പുനീത് പറഞ്ഞു. തന്നെ
പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. എന്റെ കൈകാലുകള്‍ കെട്ടിയിട്ടു. ദാഹിച്ചപ്പോള്‍ താന്‍ വെള്ളം ചോദിച്ചു. ഇല്ലേങ്കില്‍ ഞാന്‍ മരിക്കുമമായിരുന്നു. ഇതോടെ പോലിസുകാര്‍ ഒരാളെ കൊണ്ട് തന്റെ ദേഹത്ത് മൂത്രമൊഴിപ്പിച്ചു. പുറത്ത് പോകണമെങ്കില്‍ തറയില്‍ നിന്ന് മൂത്രം നക്കേണ്ടി വരുമെന്ന് ആവശ്യപ്പെട്ടു. താന്‍ അത് ചെയ്തു, എന്നിട്ടാണ് പുറത്തേക്ക് വിട്ടത്.
പോലിസുകാര്‍ വംശീയമായി അധിക്ഷേപിച്ചെന്നും പുനീത് പരാതിയില്‍ ചൂണ്ടിക്കാട്ടി.അതേസമയം ബന്ധപ്പെട്ട പോലീസ് സബ് ഇന്‍സ്‌പെക്ടറെ സ്ഥലംമാറ്റിയതായും വകുപ്പുതല അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ചിക്കമഗളൂരു ജില്ലാ പോലിസ് സൂപ്രണ്ട് അറിയിച്ചു.