കര്‍ണാടക: കെ എസ് ഭഗവാന്റെ രാമക്ഷേത്രത്തെ കുറിച്ചുള്ള പുസ്തകം വായനശാലകളില്‍ നിന്ന് ഒഴിവാക്കി
"പൊതു ലൈബ്രറികള്‍ എല്ലാവര്‍ക്കുമുള്ളതാണ്, എല്ലാ വീക്ഷണങ്ങളും വായിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഒരു പ്രത്യയശാസ്ത്രത്തിന് പൊതു ലൈബ്രറികളെ ബന്ദികളാക്കാന്‍ സര്‍ക്കാരിന് കഴിയില്ല, 'ഭഗവാന്‍ പ്രതികരിച്ചു.
ന്യൂഡല്‍ഹി: യുക്തിവാദിയും എഴുത്തുകാരനുമായ കെ എസ് ഭഗവന്റെ രാമ മന്ദിര യെകെ ബേഡാ ('എന്തുകൊണ്ട് രാം മന്ദിര്‍ ആവശ്യമില്ല') എന്ന പുസ്തകം പൊതു ലൈബ്രറികളില്‍ നിന്ന് കര്‍ണാടക സര്‍ക്കാര്‍ വിലക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
'പുസ്തകം പൊതുജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയേക്കാം, പൊതു ലൈബ്രറികളില്‍ ഇത്തരത്തിലുള്ള പുസ്തകത്തെ ഞാന്‍ പ്രോത്സാഹിപ്പിക്കില്ല,' വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു.
ഹിന്ദുത്വ വലതുപക്ഷ സംഘടനകള്‍ പുസ്തകത്തിനെതിരേ സോഷ്യല്‍ മീഡിയ കാംപയിന്‍ സംഘടിപ്പിച്ചതിനെത്തുടര്‍ന്ന് കന്നഡ എഴുത്തുകാരന്‍ ദോദാരഞ്ച് ഗൗഡയുടെ നേതൃത്വത്തിലുള്ള പബ്ലിക് ലൈബ്രറി ബുക്ക് സെലക്ഷന്‍ കമ്മിറ്റി പുസ്തകം വാങ്ങാനുള്ള ശുപാര്‍ശ പിന്‍വലിച്ചു.
രാമായണത്തിലെ ഇതിഹാസത്തെയും രാമക്ഷേത്രത്തിന് ചുറ്റുമുള്ള രാഷ്ട്രീയത്തെയും കുറിച്ചുള്ള വിമര്‍ശനാത്മകമായ ലേഖനങ്ങളുടെ സമാഹാരമായ ഈ പുസ്തകത്തെ സെലക്ഷന്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായി കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
' പ്രസാധകര്‍ പുന:പരിശോധനാ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് പുസ്തകം വാങ്ങാന്‍ ശുപാര്‍ശ ചെയ്യാന്‍ കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. പുസ്തകം വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടെങ്കിലും, പുസ്തകം പൊതു ലൈബ്രറികളുടെ ഭാഗമാകാമെന്ന് ഞങ്ങള്‍ ആദ്യം കരുതി. ഇത് വായനക്കാര്‍ക്ക് വിവിധ കാഴ്ചപ്പാടുകള്‍ നല്‍കുന്നു, 'ഗൗഡ പറഞ്ഞു. എന്നാല്‍ ഹിന്ദുത്വ സംഘടനകള്‍ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പുസ്തകം വാങ്ങാനുള്ള ശുപാര്‍ശ പിന്‍വലിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു'. ഗൗഡ കൂട്ടിച്ചേര്‍ത്തു.
2018 ല്‍ 10,571 പുസ്തകങ്ങളാണ് പര്‍ച്ചേസ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. 2020 സെപ്റ്റംബര്‍ മുതല്‍ 2020 ഡിസംബര്‍ വരെ 10 യോഗങ്ങള്‍ നടത്തി പട്ടിക വെട്ടിച്ചുരുക്കി. നിലവില്‍ 5109 പുസ്തകങ്ങളാണ് ലിസ്റ്റിലുള്ളത്.
'ലൈബ്രറി പട്ടികയില്‍ നിന്ന് എന്റെ പുസ്തകം ഒഴിവാക്കുന്നതിനെ എതിര്‍ക്കുന്നു. പൊതു ലൈബ്രറികള്‍ എല്ലാവര്‍ക്കുമുള്ളതാണ്, എല്ലാ വീക്ഷണങ്ങളും വായിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഒരു പ്രത്യയശാസ്ത്രത്തിന് പൊതു ലൈബ്രറികളെ ബന്ദികളാക്കാന്‍ സര്‍ക്കാരിന് കഴിയില്ല, 'ഭഗവാന്‍ പ്രതികരിച്ചു.