കന്നഡിഗര്‍ക്ക് 100 ശതമാനം തൊഴില്‍സംവരണം: വിവാദ ബില്ല് കര്‍ണാടക സര്‍ക്കാര്‍ മരവിപ്പിച്ചു

Update: 2024-07-17 16:34 GMT

ബെംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യമേഖലയില്‍ കന്നഡിഗര്‍ക്ക് 100 ശതമാനംവരെ തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ ബില്ല് സിദ്ധരാമയ്യ സര്‍ക്കാര്‍ മരവിപ്പിച്ചു. ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയത് വിവാദമായതിനു പിന്നാലെയാണ് താല്‍കാലികമായി മരവിപ്പിച്ചത്. വിശദമായ പരിശോധന നടത്തി വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ബില്ലിനെതിരേ ഐടി മേഖലയില്‍ നിന്നുള്‍പ്പെടെ അതിരൂക്ഷമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്നോട്ടുപോയത്.


    കര്‍ണാടകയില്‍ ജനിച്ചുവളര്‍ന്നവര്‍ക്കൊപ്പം 15 വര്‍ഷമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവര്‍ക്കാണ് സ്വകാര്യ മേഖലയില്‍ 100 ശതമാനം വരെ സംവരണം നല്‍കാന്‍ നീക്കം നടന്നത്. വ്യവസായസ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റുസ്ഥാപനങ്ങളിലും മാനേജ്‌മെന്റ് തസ്തികകളില്‍ 50 ശതമാനവും മാനേജ്‌മെന്റ് ഇതര തസ്തികകളില്‍ 75 ശതമാനവും തദ്ദേശീയര്‍ക്ക് സംവരണം ചെയ്യാനാണ് ബില്‍ വ്യവസ്ഥചെയ്യുന്നത്. ഇതിനെതിരേ പ്രതിഷേധം ശക്തമായതോടെ, ബില്ലിന് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് കാണിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇട്ട പോസ്റ്റ് എക്‌സില്‍നിന്ന് നീക്കം ചെയ്തിരുന്നു.

   കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം പ്രതിലോമകരവും പിന്തിരിപ്പനുമാണെന്നും ബെംഗളൂരുവിനെ ഐടി ഹബ്ബാക്കി മാറ്റിയത് കര്‍ണാടക ഒറ്റയ്ക്കല്ലെന്നുമായിരുന്നു സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം. ബെംഗളൂരുവിനെ 25,000 കോടി യുഎസ് ഡോളര്‍ ഐടി ഹബ്ബാക്കിമാറ്റിയത് കര്‍ണാടക ഒറ്റയ്ക്കല്ല. അത് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും ഉള്ളവരുടെകൂടി സംഭാവനയാണ്. അത്തരം ജോലികള്‍ കര്‍ണാടകയില്‍ ജനിച്ചവരോ അവിടെ സ്ഥിരതാമസക്കാരായവരോ ആയ തദ്ദേശീയര്‍ക്കുമാത്രമായി സംവരണം ചെയ്യുകയാണെങ്കില്‍, അത് നാട്ടില്‍ വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നും ബ്രിട്ടാസ് പറഞ്ഞു. മലയാളികളുടെ പങ്കും വളരെ വലുതാണ്. സര്‍ക്കാരിന്റെ തീരുമാനം മലയാളികളെയും പ്രതികൂലമായി ബാധിക്കും. ഇത്തരം പിന്തിരിപ്പന്‍ തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ അത് രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയേയും ബാധിക്കുമെന്നും ജോണ്‍ ബ്രിട്ടാസ് എംപി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News