പോക്‌സോ നിയമം വ്യക്തി നിയമത്തെ മറികടക്കുന്നു; പ്രായപൂര്‍ത്തിയാകാത്ത മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹം റദ്ദാക്കി കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് അറസ്റ്റ് ചെയ്ത കര്‍ണാടകയിലെ മുസ്ലീം യുവാവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. മുസ്ലിം വ്യക്തിനിയമപ്രകാരം 15 വയസ്സിന് ശേഷമുള്ള അവളുടെ വിവാഹം 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിന് വിരുദ്ധമാകില്ല എന്ന യുവാവിന്റെ വാദം കോടതി തള്ളി.

Update: 2022-10-31 16:02 GMT

ബംഗളൂരു: പോക്‌സോ നിയമം വ്യക്തി നിയമത്തെ മറികടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രായപൂര്‍ത്തിയാകാത്ത മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹം റദ്ദാക്കി കര്‍ണാടക ഹൈക്കോടതി.

ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ(പോക്‌സോ) വ്യവസ്ഥകള്‍ ലംഘിക്കുന്നതിനാല്‍ മതത്തിന്റെ വ്യക്തിഗത നിയമം അസാധുവാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് അറസ്റ്റ് ചെയ്ത കര്‍ണാടകയിലെ മുസ്ലീം യുവാവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. മുസ്ലിം വ്യക്തിനിയമപ്രകാരം 15 വയസ്സിന് ശേഷമുള്ള അവളുടെ വിവാഹം 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിന് വിരുദ്ധമാകില്ല എന്ന യുവാവിന്റെ വാദം കോടതി തള്ളി.

പോക്‌സോ നിയമം ഒരു പ്രത്യേക നിയമമാണെന്നും അത് വ്യക്തിനിയമങ്ങളെ മറികടക്കുന്നുവെന്നും ജസ്റ്റിസ് രാജേന്ദ്ര ബദാമികര്‍ നിരീക്ഷിച്ചു. പോക്‌സോ നിയമപ്രകാരം, ഒരു സ്ത്രീക്ക് ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള നിയമപരമായ പ്രായം 18 ആണ്. അതിനു മുമ്പുള്ള ലൈംഗിക ബന്ധം നിയമവിരുദ്ധമായാണ് കണക്കാക്കുക.

അതേസമയം, യുവാവിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. വിവാഹത്തിന് പെണ്‍കുട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചതിന് തെളിവില്ലാത്തതിനാല്‍ പെണ്‍കുട്ടി സമ്മതപ്രകാരമാണ് വിവാഹമെന്നാ ഹൈക്കോടതി നിരീക്ഷിച്ചു.

കര്‍ണാടകയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ പതിനേഴുകാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

മുഹമ്മദന്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയാകുന്നതാണ് വിവാഹത്തിന്റെ പരിഗണയെന്നും സാധാരണ പ്രായപൂര്‍ത്തിയാകുന്നത് 15 വയസ്സായി കണക്കാക്കുമെന്നും ഹരജിക്കാരന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

Tags:    

Similar News