വീണ്ടും ഹിജാബ് നിരോധനം; ഗേറ്റ്പൂട്ടി മുസ് ലിം വിദ്യാര്‍ഥിനികളെ പുറത്ത് നിര്‍ത്തി പ്രിന്‍സിപ്പല്‍, കരഞ്ഞ് അഭ്യര്‍ഥിച്ച് വിദ്യാര്‍ഥിനികള്‍ (വീഡിയോ)

Update: 2022-02-03 08:23 GMT

മംഗളൂരു: കര്‍ണാടകയിലെ മറ്റൊരു കോളജില്‍ കൂടി ഹിജാബ് നിരോധനം. ഹിജാബ് ധരിച്ചതിന്റെ പേരില്‍ മുസ് ലിം വിദ്യാര്‍ഥിനികളെ പുറത്താക്കി ഗേറ്റ് അടച്ച് കോളജ് പ്രിന്‍സിപ്പല്‍. കര്‍ണാടകയിലെ കുന്ദാപൂര്‍ ഗവ. കോളജിലാണ് സംഭവം. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പലും മറ്റു അധ്യാപകരും ചേര്‍ന്ന് ബലം പ്രയോഗിച്ച് ഗേറ്റിന് പുറത്ത് നിര്‍ത്തുകയായിരുന്നു. വിദ്യാര്‍ഥിനികള്‍ കോളജിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഗേറ്റ് ശക്തമായ അടച്ചുപിടിച്ചു.

ഹിജാബിന്റെ പേരില്‍ മുസ് ലിം വിദ്യാര്‍ഥിനികളെ കോളജില്‍ നിന്ന് പുറത്താക്കുന്ന രണ്ടാമത്തെ സംഭവമാണ് അരങ്ങേറിയത്. ഉഡുപി ഗവ. വനിത പി യു കോളജില്‍ എട്ട് വിദ്യാര്‍ഥിനികളെ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഹിന്ദുത്വ സംഘടനാ നേതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കിയത്. ഇതിന് തുടര്‍ച്ചയായാണ് കുന്ദാപൂര്‍ ഗവ. കോളജില്‍ ഹിന്ദുത്വ പ്രതിഷേധം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം ഹിജാബിനെതിരേ പ്രതിഷേധിച്ച ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനയിലെ പ്രവര്‍ത്തകര്‍ കാവി ഷാള്‍ അണിഞ്ഞാണ് കോളജില്‍ എത്തിയത്. മുസ് ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ചാല്‍ തങ്ങള്‍ കാവി ഷാള്‍ ധരിക്കുമെന്നാണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുടെ ഭീഷണി. നിരവധി വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം കാവി ഷാള്‍ അണിഞ്ഞ് കോളജില്‍ എത്തിയത്.

ഉഡുപ്പി ഗവ. വനിത പിയു കോളജില്‍ ഹിജാബ് നിരോധിച്ചത് ഏറെ വിവാദമായിരുന്നു. ഹാജാബ് നിരോധനം വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമാക്കുകയാണ് സംഘപരിവാരം. ശിരോവസ്ത്രം ധരിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ചൊവ്വാഴ്ച മുതല്‍ പ്രവേശനം അനുവദിക്കില്ലെന്ന് ഉഡുപ്പി എംഎല്‍എയും ബിജെപി നേതാവുമായ കെ രഘുപതി ഭട്ട് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരേ വിദ്യാര്‍ഥിനികള്‍ തന്നെ രംഗത്ത് വന്നു. ഇത് സര്‍ക്കാര്‍ കോളജ് ആണെന്നും എംഎല്‍എയ്ക്ക് തങ്ങളെ തടയാന്‍ അവകാശമില്ലെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. 'ഞങ്ങള്‍ വിട്ടുകൊടുക്കില്ല. ഞങ്ങള്‍ ഞങ്ങളുടെ അവകാശങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. ഒന്നിനും ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല'. വിദ്യാര്‍ത്ഥികളിലൊരാള്‍ പറഞ്ഞു.

തിങ്കളാഴ്ച പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടേയാണ് കോളജ് വികസന സമിതി ചെയര്‍മാന്‍ കൂടിയായ ഭട്ടിന്റെ വിവാദ പ്രസ്താവന. ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കുക എന്നത് അനുവദിക്കാനേ കഴിയില്ലെന്ന് എംഎല്‍എ പറഞ്ഞു. സര്‍ക്കാറിന്റേയും കോളജ് കമ്മിറ്റിയുടേയും തീരുമാനമാണ്. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഹിജാബിന്റെ പേരില്‍ സമരം ചെയ്യാനാണ് ഭാവമെങ്കില്‍ അവരെ കാംപസില്‍ കടത്തില്ല. ഈ വിഷയവുമായി ബന്ധപ്പെട്ടാണെങ്കില്‍ മാധ്യമപ്രവര്‍ത്തകരേയും സംഘടനകളേയും കാംപസില്‍ പ്രവേശിപ്പിക്കില്ലെന്നും ഭട്ട് പറഞ്ഞു. ഉഡുപ്പി കോളജിലെ ഹിജാബ് വിവാദം കത്തി നില്‍ക്കുന്നതിനിടേയാണ് കുന്ദാപൂര്‍ കോളജിലും ഹിന്ദുത്വ പ്രതിഷേധം ആരംഭിച്ചത്.

Tags:    

Similar News