ദലിത് യുവാവുമായി പ്രണയം; പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് കൊലപ്പെടുത്തി

Update: 2022-06-08 12:13 GMT

ബംഗളൂരു: ദലിത് യുവാവുമായുള്ള ബന്ധത്തിന്റെ പേരില്‍ 17 വയസ്സുള്ള മകളെ പിതാവ് കൊലപ്പെടുത്തി. കര്‍ണാടകയിലെ മൈസൂരിലെ പെരിയപട്ടണ താലൂക്കിലാണ് സംഭവം. വൊക്കലിഗ സമുദായത്തില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടിയും പിതാവും. മൈസൂരു ജില്ലയിലെ പെരിയപട്ടണ താലൂക്കിലെ കഗ്ഗുണ്ടി ഗ്രാമവാസിയായ സുരേഷ് ജൂണ്‍ 7 ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തന്റെ പതിനേഴുകാരിയായ മകള്‍ ശാലിനിയെ കൊലപ്പെടുത്തിയത്. പിതാവ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പോലിസ് പറഞ്ഞു. ചൊവ്വാഴ്ച സുരേഷ് പോലിസ് സ്‌റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

കര്‍ണാടകത്തിലെ ഉയര്‍ന്ന ജാതിയില്‍പ്പെട്ട വൊക്കലിഗ സമുദായത്തില്‍പ്പെട്ട ശാലിനി രണ്ടാം വര്‍ഷ പിയുസിയില്‍ (പ്രീയൂണിവേഴ്‌സിറ്റി കോഴ്‌സ്) പഠിക്കുകയായിരുന്നു. അയല്‍വാസിയായ മെല്ലഹള്ളി ഗ്രാമത്തില്‍ നിന്നുള്ള ഒരു ദലിത് യുവാവുമായി അവള്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

വിവരമറിഞ്ഞ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ രക്ഷിതാക്കള്‍ യുവാവിനെതിരെ പരാതി നല്‍കി. പോലിസ് സ്‌റ്റേഷനില്‍ മാതാപിതാക്കള്‍ക്കെതിരെ പെണ്‍കുട്ടി മൊഴി നല്‍കി. താന്‍ ഇയാളുമായി പ്രണയത്തിലാണെന്നും മാതാപിതാക്കളോടൊപ്പം പോകാന്‍ വിസമ്മതിച്ചുവെന്നും യുവതി പോലിസിനോട് പറഞ്ഞു. തുടര്‍ന്ന് പോലിസ് അവളെ മൈസൂരിലെ ഗവണ്‍മെന്റ് ഗേള്‍സ് ഹോമിലേക്ക് അയച്ചു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രണ്ടാഴ്ച മുമ്പ് പെണ്‍കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. അവളെ ഉപദ്രവിക്കില്ലെന്ന് മൈസൂരു ജില്ലാ ശിശുക്ഷേമ സമിതിക്ക് ഉറപ്പ് നല്‍കിയാണ് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ദലിത് യുവാവിന്റെ ഗ്രാമത്തിലെ ഒരു കൃഷിയിടത്തില്‍ മൃതദേഹം ഉപേക്ഷിച്ചതായി പോലിസ് പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. 'രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. പെണ്‍കുട്ടി വൊക്കലിഗ സമുദായത്തില്‍ നിന്നുള്ളയാളാണ്, യുവാവ് ദലിത് വിഭാഗത്തില്‍ നിന്നുള്ളയാളാണ്,' മൈസൂരു എസ്പി ചേതന്‍ പറഞ്ഞു.

Tags:    

Similar News